ബഹ്റൈന്‍ കേരളീയ സമാജം ഭവന പദ്ധതിയുടെ താക്കോല്‍ ദാനം മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും

മനാമ: ബഹ്റൈന്‍ കേരളീയ സമാജം ഭവന പദ്ധതി താക്കോല്‍ ദാനം മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. മാര്‍ച്ച് 15നാണ് രണ്ട് വീടുകളുടെ താക്കോല്‍ ദാന ചടങ്ങ്. ബഹ്‌റൈന്‍ പ്രതിഭയുമായി സഹകരിച്ച് ഖത്തര്‍ എഞ്ചിനിയറിങ് ലാബോറട്ടറീസ് എം.ഡി കെ.ജി. ബാബുരാജാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ എഴുപതാം വാര്‍ഷിക ആഘോഷത്തോനുബന്ധിച്ചാണ് ഭവന പദ്ധതിയും നടപ്പിലാക്കി വരുന്നത്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലുള്ള രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്കാണ് ഈ വീടുകള്‍ ലഭിക്കുന്നത്. എസ്.ഡി. കോളേജില്‍ താല്‍ക്കാലിക ജീവനക്കാരിയും അവിടെ തന്നെ അന്തേവാസിയുമായ ആരാലും തുണയില്ലാതെ കഴിഞ്ഞ വിജയകുമാരിക്കാണ് ഒരു വീട് ലഭിക്കുന്നത്. വര്‍ഷങ്ങളായി ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സ തുടരുന്ന സുരേഷ് ബാബുവിനാണ് രണ്ടാമത്തെ വീട്. രണ്ട് പെണ്‍കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമായി പൊട്ടിപൊളിഞ്ഞ വീട്ടില്‍ കഴിയുകയായിരുന്നു സുരേഷ് ബാബു.

സ്ഥലം എം.എല്‍.എ തന്നെയായ മന്ത്രി ജി.സുധാകരന്‍ മുന്‍കൈയെടുത്താണ് രണ്ട് വീടുകളുടെയും നിര്‍മ്മാണം പെട്ടന്ന് പൂര്‍ത്തിയാക്കിയത്.