തിരുവനന്തപുരം: കോവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജന ആരോഗ്യ അടിയന്തരാവസ്ഥയിലാണ് നിലവില്‍ സംസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരീക്ഷ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകില്ല.ഏറ്റവും ഒടുവില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടെ സംസ്ഥാനത്താകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. ഇതില്‍ മൂന്ന് പേരുടെ രോഗം പൂര്‍ണമായി മാറി. ഇപ്പോള്‍ ചികിത്സയിലുള്ള 12 പേരില്‍ നാല് പേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരാണ് 8 പേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
1116 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 967 പേര്‍ വീടുകളിലാണ്. 149 പേര്‍ ആശുപത്രിയിലുണ്ട്. സംശയിക്കുന്ന 807 സാമ്പിളുകള്‍ അയച്ചതില്‍ 717 ന്റേയും ഫലം നെഗറ്റീവ് ആയിട്ടാണ് വന്നിട്ടുള്ളത്. ബാക്കി വരാനുണ്ട്. സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. കോവിഡ് 19 വ്യാപനം തടയാന്‍ സാധാരണ നിലയിലുള്ള ജാഗ്രത പോര. സ്ഥിതി നിയന്ത്രിച്ചു നിര്‍ത്താന്‍ സര്‍ക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്ലാ ബഹുജന സംഘടനകളും മുന്നിട്ടിറണം. ഇന്ന് രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്തുള്ള കാര്യം വിലയിരുത്തി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ ശക്തവും വിപുലവുമായി ഇടപെടല്‍ തുടരണം. അതിന്റെ ഭാഗമായി ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും പുതിയ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒന്നാം ക്ലാസുമുതല്‍ 7ാം ക്ലാസുവരെയുള്ള സ്‌കൂള്‍ മാര്‍ച്ച് മാസം പൂര്‍ണമായി അടച്ചിടുക എന്നതാണ്. 8,9 ക്ലാസുകളില്‍ പരീക്ഷ നടത്തും. പരീക്ഷയ്ക്ക് ജാഗ്രത പുലര്‍ത്തും. എന്നാല്‍ ക്ലാസുകള്‍ ഇനി നടക്കേണ്ടതായിട്ടില്ല. സി.ബി.എസ്.സി ഐ.സി.എ്‌സ. സി എന്നിവര്‍ക്കെല്ലാം ഇത് ബാധകമാണ്. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം അടച്ചിടണം. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ നടക്കും. പരീക്ഷ എഴുതാന്‍ വരുന്നവരില്‍ നിരീക്ഷണത്തിലുള്ള ആരെങ്കിലുമുണ്ടെങ്കില്‍ പ്രത്യേക റൂമില്‍ പരീക്ഷ എഴുതിക്കും. ഇതോടൊപ്പം സ്‌പെഷ്യല്‍ക്ലാസ് അവധിക്ലാസ് ട്യൂഷന്‍ ക്ലാസ് ഇതെല്ലാം മാര്‍ച്ച് മാസത്തില്‍ ഒഴിവാക്കണം.
മദ്രസകള്‍ അങ്കണ്‍വാടികള്‍ ടൂട്ടോറിയല്‍ എല്ലാം മാര്‍ച്ച് 30 വരെ അടച്ചിടും. പരീക്ഷയൊഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടാവില്ല. വിവിധ ഉത്സവങ്ങള്‍ നടക്കുന്ന മാസമാണ്. ഇത്തരം ഉത്സവവുമായി ബന്ധപ്പെട്ട ജനങ്ങളുടെ കൂടിച്ചേരലുകള്‍ ദോഷം ചെയ്യും. അത്തരം ഉത്സവങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കും. വിവാഹം മാറ്റിവെക്കാന്‍ കഴിയില്ലെങ്കില്‍ ചടങ്ങുകള്‍ ലളിതമാക്കാന്‍ ശ്രദ്ധിക്കണം. ബഹുജനങ്ങളുടെ സഹകരണം ഉണ്ടാകണം. ക്ഷേത്രോത്സവം, പള്ളിപ്പെരുന്നാളുകള്‍ എന്നിവയെല്ലാം ചടങ്ങുകള്‍ മാത്രമായി നടത്തണം. ദര്‍ശനത്തിന് ഈ ഘട്ടത്തില്‍ ആളുകള്‍ പോകാതിരിക്കകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍ ഏര്‍പെടുത്തും. ആളുകളുടെ കൈ പിടിക്കുന്നതും മറ്റും ഒഴിവാക്കണം. എല്ലാവരും സാനിറ്റൈസര്‍ ഉപയോഗിക്കണം.ചെറിയ അലംഭാവമാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് എത്തിച്ചത്. രോഗം വ്യാപിക്കുന്ന ഘട്ടത്തിലേക്കാണ് വന്നിരിക്കുന്നത്. ഇത് പരമാവധി നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഒരു അനുഭവമാണ്. ഇത്തരത്തില്‍ വരുന്നവര്‍ ഇനി വിവരങ്ങള്‍ മറച്ചുവെക്കാന്‍ പാടില്ല.ഇത്തരമൊരു അവസ്ഥയില്‍ സര്‍ക്കാര്‍ ആശുപത്രികളുടേത് മാത്രമല്ല സ്വകാര്യ ആശുപത്രികളുടെ കൂടി സഹായം തേടാനുമാണ് തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.