ബഹ്‌റൈനില്‍ നിന്ന് പുറത്തുവരുന്നത് ആശ്വാസ വാര്‍ത്തകള്‍; എട്ട് കൊറോണ ബാധിതര്‍ കൂടി രോഗമുക്തരായി

ബഹ്‌റൈനില്‍ നിന്നും പുറത്തുവരുന്നത് ആശ്വാസകരമായ വാര്‍ത്തകള്‍. എട്ട് കൊറോണ രോഗികള്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ബഹ്‌റൈനിലെ ആരോഗ്യമന്ത്രാലയം മാര്‍ച്ച് 10 ന് വൈകിട്ട് 7 മണിക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകാപരമായ പ്രതിരോധ നടപടികള്‍ രാജ്യത്ത് സജ്ജീകരിച്ചിട്ടുണ്ട്. രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി നേരത്തെ ആരോഗ്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

നിലവില്‍ 8274 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ചികിത്സയിലുള്ള 80 പേരില്‍ ഒരാളൊഴികെയുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ബഹ്‌റൈന്‍ നടത്തുന്ന കൊറോണ വൈറസ്് പ്രതിരോധ പ്രവര്‍ത്തങ്ങളെ നേരത്തെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിരുന്നു. ആരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊറോണ പ്രതിരോധ ക്യാംപെയ്‌നുകളില്‍ സജീവമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രോഗമുക്തരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.