മനാമ: ഇറാനിൽ നിന്നും പ്രത്യേക വിമാനത്തിൽ ബഹ്റൈനിലെത്തിച്ചവരിൽ രണ്ട് സ്വദേശി പൗരൻമാർക്ക് കൂടി കൊറോണ വൈറസ് (കോവിഡ്-19) രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആദ്യ ഘട്ട രക്ഷാപ്രവർത്തനത്തിലൂടെ ഇറാനിൽ നിന്നും ബഹ്റൈനിലെത്തിച്ച സ്വദേശികളിൽ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 79 ആയി. എല്ലാവരുടെയും ആരോഗ്യനില ഭേദപ്പെട്ട അവസ്ഥയിലാണ്.
അതേ സമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മറ്റൊരു കേസും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യ മന്ത്രാലയം മാർച്ച് 12ന് വൈകിട്ട് 7 മണിക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം 83ൽ തന്നെയാണ്. രക്ഷാദൗത്യത്തിലൂടെ ഇറാനിൽ നിന്നെത്തിച്ച ബഹ്റൈനികളടക്കം ആകെ രോഗികളുടെ എണ്ണം 162 (83+79) ആയിട്ടുണ്ട്. പൂർണ രോഗവിമുക്തരായി ഇതുവരെ 35 പേർ ആശുപത്രി വിട്ടിട്ടുമുണ്ട്.
കൊറോണയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റിലൂടെയാണ് പുതിയ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൊറോണ ബാധയേറ്റവരുടെ വിവരങ്ങള്‍, മുന്നറിയിപ്പുകള്‍, യാത്ര നിയന്ത്രണങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും പ്രസ്തുത വെബ്‌സൈറ്റില്‍ ലഭിക്കും. https://www.moh.gov.bh/COVID19 എന്നതാണ് വെബ്‌സൈറ്റ് വിലാസം. അറബിയെ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിലും വെബ്‌സൈറ്റില്‍ വിവരങ്ങളുണ്ടാവും.
മികച്ച രീതിയിലുള്ള കൊറോണ പരിശോധന – പ്രതിരോധ നടപടികളുമായാണ് ബഹ്റൈൻ മുന്നോട്ട് പോവുന്നത്. നേരത്തെ ബഹ്‌റൈന്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരുന്നു. മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാവുന്ന പ്രവര്‍ത്തനമാണ് ബഹ്‌റൈന്റെതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.