ലോകം പകച്ച് നിൽക്കുന്ന കോറോണ വൈറസ് (കോവിഡ് – 19) കാലത്താണ് നമ്മൾ ജീവിക്കുന്നത്. പലകാലങ്ങളിലായി നിരവധി മഹാമാരികൾ ലോകത്തെ അനേകം മനുഷ്യരെ കൊന്നൊടുക്കിയിട്ടുണ്ട്. അതാത് കാലങ്ങളിൽ അവയ്ക്ക് മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും, പിന്നീട് നിരവധി പേരുടെ ഇച്ഛാശക്തിയും കരുത്തും അവയ്ക്ക് മരുന്നുകൾ കണ്ടുപിടിക്കുന്നതിലേക്ക് വഴിതെളിച്ചിരുന്നു. ഇന്ന് സമാന രൂപത്തിൽ മറ്റൊരു രോഗം കൂടി മനുഷ്യരാശിയെ അപകടത്തിലാക്കിയിരിക്കുകയാണ്. കോവിഡ്-19, വൈദ്യശാസ്ത്രത്തിന് ഇതുവരെ ഈ വൈറസിന് മരുന്ന് കണ്ടുപിടിക്കാനായിട്ടില്ല.
നൂറ്റിയിരുപത്തൊന്ന് രാജ്യങ്ങളിലായി ലക്ഷകണക്കിന് പേർക്ക് വൈറസ് ബാധിച്ചു കഴിഞ്ഞു. അയ്യായിരത്തിലധികം വിലപ്പെട്ട ജീവനുകളാണ് മഹമാരി കവർന്നെടുത്തിരിക്കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ഈ രാജ്യങ്ങളിലെ സർക്കാറുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു, അനാവശ്യമായ ഭീതി പടർത്താൻ ചിലർ ശ്രമിക്കുമ്പോൾ യാഥാർത്ഥ്യം ജനങ്ങളിലെത്തിക്കാൻ അധികാരികൾ മികച്ച പ്രവർത്തനം നടത്തുകയാണ്. ഒരു സ്റ്റേറ്റ് ഗവൺമെന്റ് മിഷനറിക്ക് ചെയ്യാവുന്നതിനെക്കാൾ നമുക്ക് ഓരോരുത്തർക്കും ചെയ്യാനുണ്ട്. ആദ്യം വേണ്ടത് സർക്കാറുകളുടെ മുന്നറിയിപ്പുകൾ സ്വീകരിക്കുക എന്നതാണ്.
അതിനൊപ്പം ചേർന്ന് നമ്മുടെ ‘ ശരീര ഊഷ്മാവ് 39 ഡിഗ്രിയിൽ കൂടുതൽ ഇല്ല, തല വേദനയും, ഛർദ്ദിയും ഇല്ല എന്നിങ്ങനെ ഉറപ്പ് വരുത്തലാണ്. അഥവാ അങ്ങനെ അനുഭവപ്പെടുന്നവർ ആരോഗ്യ പരിരക്ഷ ആംബുലൻസ് വിളിച്ച് സർക്കാർ നൽകുന്ന സെന്ററിൽ ചെന്ന് ടെസ്റ്റുകൾക്ക് വിധേയമയി ആവശ്യപ്പെട്ട പ്രകാരം കിടക്ക നിരീക്ഷണത്തിന് വിധേയരാകുകയാണ് വേണ്ടത്. അഥവാ സംശയം തോന്നുന്നെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിച്ച് 14 ദിവസം സ്വന്തം വീടുകളിൽ ഐസലേറ്റ് ചെയ്ത് കിടക്കലാണ്. അങ്ങനെ രോഗം തനിക്കില്ലെന്നും ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് പകർത്തുന്നില്ലെന്നും ഉറപ്പ് വരുത്തലാണ്.
നമ്മൾ പ്രവാസികൾ നാടിന്റെ സാമ്പത്തിക നട്ടെല്ലാണ്, പ്രവാസം തകർന്നാൽ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടാകും. വിവിധ രാജ്യങ്ങളിൽ പാർക്കുന്ന, സഞ്ചരിക്കുന്ന പ്രവാസികൾ തിരികെ നാട്ടിലെത്തുമ്പോൾ വിമാനത്താവളങ്ങളിലും, അതിർത്തികളിലും നടത്തുന്ന ആരോഗ്യ പരിശോധനക്ക് വിധേയരാകാനും, നൽകുന്ന നിർദ്ദേശങ്ങൾ സ്വമേധയാ നടപ്പിലാക്കാനും നമ്മൾ ശ്രമിക്കേണ്ടതാണ്. എമർജൻസി ലീവിന് നാട്ടിൽ ചെല്ലുന്ന നമുക്ക് ഈ പതിനാല് ദിവസം വളരെ നീണ്ട കാലയളവ് ആണെന്നറിയാം, എന്നിരുന്നാലും സാമൂഹിക ഉത്തരവാദിത്വം നിർവഹിക്കാൻ നമ്മൾ നിർബന്ധിതരാണ്.
അച്ഛനെ കാണാൻ വന്ന് അസുഖമാണെന്ന സംശയത്തിൽ സർക്കാർ നൽകിയ ആരോഗ്യ പരിരക്ഷ സ്വയം ഏറ്റെടുത്ത് ആശുപത്രി മതിലിനപ്പുറത്ത് പ്രിയപ്പെട്ട അച്ഛൻ മരിച്ചത് നേരിട്ട് കാണാൻ കഴിയാതെ വിങ്ങിയ പ്രവാസിയും കോറോണക്കാലത്ത് ഈ രോഗത്തെ പ്രതിരോധിക്കൽ എങ്ങനെ എന്ന് കാണിച്ച് തരുന്ന മികച്ച മാതൃകയാണ്, ഇറ്റലിയിലും, സ്പെയിനിലും പൂക്കുല പോലെ പടരുന്ന രോഗത്തെ നമ്മുടെ പ്രദേശത്ത് പടരാതിരിക്കാൻ പ്രവാസികൾ എന്ന നിലയിൽ അതാത് രാജ്യത്തെ സർക്കാർ സംവിധാനവുമായി സഹകരിച്ച് മികച്ച മാതൃകയാവാനും അതു വഴി സ്വയം രോഗമില്ലെന്നും, ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് നൽകില്ലെന്നും ഉറപ്പുവരുത്താൻ ശ്രമിക്കണമെന്നും ഒപ്പം തെറ്റിദ്ധാരണ ജനകമായ വാർത്തകൾ സോഷ്യൽ മീഡിയ വഴിയോ മറ്റോ പ്രചരിപ്പിച്ച് ആളുകളിൽ ഭീതി പടർത്തരുതെന്നും സർക്കാർ സംവിധാനം ഉപയോഗ പെടുത്തുമ്പോഴും അവരവർ നിർവഹിക്കേണ്ട ധർമ്മം നിർവഹിക്കാൻ തുറന്ന മനസ്സോടെ ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. പ്രവാസി കമ്മീഷൻ അംഗം എന്ന നിലയിൽ പൊതു സമൂഹത്തോടും പ്രത്യേകിച്ച് പ്രവാസി സമൂഹത്തോടും അഭ്യർത്ഥിക്കുന്നു