ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 143 ആയി ഉയര്‍ന്നു. പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിലനില്‍ക്കുകയാണ്. കോവിഡ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. ഇത് മൂന്നാം ഘട്ടത്തിലേക്ക് കടന്നാല്‍ നിയന്ത്രണാധീതമായി വൈറസ് പടര്‍ന്നേക്കും. മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്.
വരും ദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാകും. പനിയോ, ചുമയോ, ജലദോഷമോ പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ചികിത്സക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മലേഷ്യ, ഫിലിപ്പീന്‍സ്, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, സ്വിറ്റസര്‍ലാന്റ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം കേരളത്തെ സംബന്ധിച്ച് ആശ്വാസം നല്‍കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍. 18011 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 220ലധികം പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലിരിക്കുന്നത്. 2467 സാമ്പിളുകള്‍ ഇതിനോടകം പരിശോധിച്ചു കഴിഞ്ഞു. റെയില്‍ വേ സ്റ്റേഷനുകള്‍ വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്റുകള്‍ എല്ലാം നിരീക്ഷണത്തിലാണ്. വീടുകളില്‍ കഴിയുന്ന 4351 പേര്‍ക്ക് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്.
രാജ്യത്ത് ഇന്നലെ മൂന്നാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. പിന്നാലെ എല്ലാ സംസ്ഥാനങ്ങളും അതീവ ജാഗ്രത പുലര്‍ത്തി വരികയാണ്. ആകെ 125 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 103 പേര്‍ ചികിത്സയില്‍ തുടരുകയാണ്. യാത്ര നിരോധിച്ച ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലെത്താവാനാതെ വിഷമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.