നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി; ‘ഏഴ് വർഷത്തിന് ശേഷം മകളുടെ ആത്മാവിന് ശാന്തി’യെന്ന് അമ്മ ആശാദേവി

1-12-jpg--1--jpg

ഡൽഹി: അവസാന മണിക്കൂറുകളില്‍ അരങ്ങേറിയ നാടകീയ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ എഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ നീതി നടപ്പാകുന്നത്. മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കിയത്. സുപ്രീംകോടതിയില്‍ കുറ്റവാളികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അവസാന ഹര്‍ജിയും തള്ളിയതോടെ പുലര്‍ച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തിഹാർ ജയിലിൽ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

ആരാച്ചാർ പവൻ കുമാറും ഈ യോഗത്തില്‍ പങ്കെടുത്തു. പ്രതികളെ വീണ്ടും ബന്ധുക്കളെ കാണിക്കണമെന്ന വാദവും തള്ളി. ജയിൽ മാനുവൽ പ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കുറ്റവാളികളുടെ ശാരീരിക ക്ഷമത തൃപ്തികരമെന്നും തിഹാർ ജയിലധികൃതർ അറിയിച്ചു. പ്രാര്‍ത്ഥിക്കാനായി 10 മിനിറ്റ് നല്‍കുന്നതടക്കം എല്ലാ നടപടിക്രമങ്ങള്‍ക്കും ഒടുവിലാണ് നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റിയത്.

ഏഴു വർഷത്തിനു ശേഷം ഇനിയെന്റെ മകളുടെ ആത്മാവിനു ശാന്തി കിട്ടും’– നിർ‌ഭയക്കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം പട്യാല ഹൗസ് കോട‌തി ത‌‌ള്ളിയതിനു പിന്നാലെ പെൺകുട്ടിയുടെ അമ്മ ആശാദേവി നിറകണ്ണുകളോടെ പ്രതികരിച്ചതിങ്ങനെയായിരുന്നു.

രാജ്യം ഒന്നാകെ കുറ്റവാളികള്‍ക്കെതിരെ അണിനിരന്ന കേസില്‍ മരണവാറണ്ട് പുറപ്പെടുവിക്കപ്പെട്ടിട്ടും കുറ്റവാളികൾ അവസാന നിമിഷം വരെയും തങ്ങളുടെ അനിവാര്യമായ മരണം വൈകിപ്പിക്കാന്‍ വേണ്ടി പലതിനും ശ്രമിച്ചു. ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നീ തീയതികളിൽ വധശിക്ഷ നട‌പ്പാക്കാൻ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹർജികൾ നിലനിന്ന സാഹചര്യത്തിൽ ഇതെല്ലാം റദ്ദാക്കുകയായിരുന്നു. തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാൻ ദയാഹർജികളും പുനഃപരിശോധനാ ഹർജികളും തിരുത്തൽ ഹർജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികൾ നോക്കി. എന്നാൽ ഒടുവിൽ നീതിപീഠങ്ങളും രാഷ്ട്രപതിയും അവയെല്ലാം തള്ളി.

2012 ഡിസംബര്‍ 16ന് ദില്ലിയിലാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ ക്രൂരബലാത്സംഗം നടന്നത്. രാത്രി 12 മണിക്കാണ് മുനിർകാ ബസ് സ്റ്റാൻഡിൽ നിന്ന് പാരാമെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന നിര്‍ഭയ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ബസില്‍ കയറിയത്. പിന്നീട് ആ ബസില്‍ നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങളായിരുന്നു.

ഒടുവില്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ബസിന് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് സംഘം കടന്നു കളഞ്ഞു. രാജ്യം മുഴുവന്‍ നിര്‍ഭയയുടെ നീതിക്കായി അണിനിരന്നു. വിചാരണകള്‍ക്കൊടുവില്‍ 2013 സെപ്റ്റംബര്‍ 13നാണ് പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവന്‍ എന്നിവർക്ക് അഡീഷണൽ സെഷൻസ് ജഡ്‍ജ് യോഗേഷ് ഖന്ന വധശിക്ഷ വിധിക്കുന്നത്. നിര്‍ഭയക്ക് നീതി ലഭിക്കാനായുള്ള രാജ്യത്തിന്‍റെ കാത്തിരിപ്പ് നീട്ടി പിന്നീട് നടന്നത് വലിയ നിയമയുദ്ധമായിരുന്നു.

ഒടുവില്‍ ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവർ അടങ്ങിയ ബെഞ്ചാണ് പ്രതികൾ അവർക്ക് ലഭ്യമായ എല്ലാ നിയമ മാർഗ്ഗങ്ങളും സ്വീകരിച്ചു കഴിഞ്ഞതായി ഇന്നലെ സ്ഥിരീകരിച്ചത്. അതിന് ശേഷവും ഹര്‍ജികളുമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കുറ്റവാളികളുടെ അഭിഭാഷകര്‍ എത്തിയെങ്കിലും വിധി മാറ്റിക്കുറിക്കാനായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!