മനാമ: ബഹ്റൈനിൽ ആറ് ഇന്ത്യക്കാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം എട്ടായി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യമുള്ളത്. രോഗികളുടെ വ്യക്തി വിവരങ്ങൾ ലഭ്യമല്ല. രോഗം സ്ഥിരീകരിച്ച എല്ലാവരും പുരുഷൻമാരാണ്. അൽ മൊസാവി ഐ സെൻററിൽ ജോലി ചെയ്തിരുന്ന 61കാരനാണ് രോഗം സ്ഥിരീകരിച്ച ഒരു ഇന്ത്യക്കാരൻ. ഇയാളിൽ നിന്നാണ് മറ്റ് അഞ്ച് ഇന്ത്യക്കാർക്ക് രോഗം പകർന്നത്. 25, 33, 25, 22, 33 എന്നിങ്ങനെയാണ് രോഗം ബാധിച്ച മറ്റുള്ളവരുടെ വയസുകൾ. മൂന്ന് ദിവസം മുൻപ് 31,33 വയസുള്ള രണ്ട് ഇന്ത്യക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.