മനാമ: സമൂഹമാധ്യമങ്ങള്‍ ദുരൂപയോഗം ചെയ്തവര്‍ക്കെതിരെ നിയമനപടി സ്വീകരിച്ചു. ഏതാണ്ട് 35 ഓളം കേസുകളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക്‌സ് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. വിദ്വേഷവും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ കണ്ടെത്താനുള്ള നീക്കം തുടരുകയാണ്.
കൊറോണയെ പ്രതിരോധിക്കാനുള്ള നീക്കം ശക്തമായി തുടരുന്ന പുതിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ ദുരൂപയോഗം ചെയ്യുന്നത് കര്‍ശനമായി നേരിടാനാണ് അധികൃതരുടെ പദ്ധതി. തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെ കണ്ടെത്തി അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സോഷ്യല്‍ മീഡിയ ദുരുപയോഗം. കൂടാതെ 200 ബഹ്‌റൈന്‍ ദിനാര്‍ പിഴയായും അടക്കേണ്ടി വരും. പിഴ നല്‍കിയില്ലെങ്കില്‍ തടവ് ശിക്ഷയുടെ കാലാവധി വര്‍ദ്ധിക്കും.
കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ലോകം കിണഞ്ഞു പരിശ്രമിക്കുന്ന സമയത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണങ്ങളുണ്ടാകുന്നത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കൃത്യതയില്ലാത്ത വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്.