മനാമ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് അല്‍-ഹിലാല്‍ ആശുപത്രിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. അല്‍-ഹിലാല്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിക്കെതിരെ ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോവിഡ്-19നെ പ്രതിരോധിക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ സാധാരണ നടപടിക്രമങ്ങള്‍ പ്രകാരം വൈറസ് ബാധയേറ്റയാളുടെ കോണ്‍ട്രാക്ട് ട്രേസിംഗ് നടക്കാറുണ്ട്. അല്‍-ഹിലാല്‍ ആശുപത്രിയിലെ രോഗികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫസ്റ്റ് ഡിഗ്രി കോണ്‍ട്രാക്ടഡ് ജീവനക്കാരുടെ സാമ്പിള്‍ ആരോഗ്യ മന്ത്രാലയം പരിശോധിച്ചിരുന്നു. ആര്‍ക്കും രോഗബാധയില്ലെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തു. സല്‍മബാദിലെ ആശുപത്രി ജീവനക്കാരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആശുപത്രി ജീവനക്കാരും പരിസരവും പൂര്‍ണമായും വൈറസ് വിമുക്തമാണ്. കോവിഡ് മഹാമാരിക്കെതിരെ ഒന്നിച്ച് പോരാടാം, വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകരുത്. അല്‍ഹിലാല്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ ദുരൂപയോഗം ചെയ്തവര്‍ക്കെതിരെ അധികൃതര്‍ നിയമനടപടി സ്വീകരിച്ചിരുന്നു. ഏതാണ്ട് 35 ഓളം കേസുകളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക്സ് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കുന്നു. വിദ്വേഷവും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ കണ്ടെത്താനുള്ള നീക്കം തുടരുകയാണ്.
കൊറോണയെ പ്രതിരോധിക്കാനുള്ള നീക്കം ശക്തമായി തുടരുന്ന പുതിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ ദുരൂപയോഗം ചെയ്യുന്നത് കര്‍ശനമായി നേരിടാനാണ് അധികൃതരുടെ പദ്ധതി. തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെ കണ്ടെത്തി അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സോഷ്യല്‍ മീഡിയ ദുരുപയോഗം. കൂടാതെ 200 ബഹ്റൈന്‍ ദിനാര്‍ പിഴയായും അടക്കേണ്ടി വരും. പിഴ നല്‍കിയില്ലെങ്കില്‍ തടവ് ശിക്ഷയുടെ കാലാവധി വര്‍ദ്ധിക്കും.