മനാമ: പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന അമ്മമാര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യാമെന്ന് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ. ലോക മാാതൃദിനത്തിൻ്റെയും കൊറോണ വൈറസ് പ്രതിരോധത്തിൻ്റെയും പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. രാജ്യത്തിന്റെ പുരോഗമനത്തിലും ഉന്നതിയിലും നിര്‍ണായക പങ്കുവഹിക്കുന്നവരാണ് സ്ത്രീകളെന്നും പുതിയ തീരുമാനം അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണെന്നും ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ചൂണ്ടിക്കാണിച്ചു.
പുതിയ തീരുമാനം അതോറിറ്റികളെ ഉടന്‍ അറിയിക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ കുടുംബത്തില്‍ മാതാവിന്റെ സാന്നിധ്യം നിര്‍ണായകമാണ്. സ്വകാര്യ, പൊതു വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുവാന്‍ പുതിയ നീക്കം അമ്മമാരെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന് സ്ത്രീകള്‍ നല്‍കുന്ന സംഭവാനയുടെ ആദരവ് കൂടിയാണിത്.
രാജ്യത്ത് കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് ബഹ്‌റൈന്‍ മുന്നോട്ടു പോയ്‌കൊണ്ടിരിക്കുന്നത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്.