മനാമ: കോവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തില്‍ പുതിയ തൊഴില്‍ നടപടിക്രമങ്ങള്‍ പുറത്തുവിട്ട് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി. പുതിയ സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ഇലക്ട്രോണിക് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് മൂന്ന് വരെ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ സര്‍വീസുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. അതോറിറ്റിയുടെ ആസ്ഥാനത്തും മറ്റു ബ്രാഞ്ചുകളിലും സേവനങ്ങള്‍ ലഭ്യമാകും.
പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എസ്.എം.എസ് വഴിയും ഇ-മെയില്‍ വഴിയും ഉദ്യോഗാര്‍ത്ഥികളെ അറിയിക്കും. സേവനങ്ങള്‍ അതോറിറ്റിയുടെ എക്‌സാപാക്ട് മാനേജ്‌മെന്റ് സിസ്റ്റം(Expat Management System) വഴിയായിരിക്കും നിയന്ത്രിക്കപ്പെടുക. ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് വന്ന് കാര്യങ്ങള്‍ ചെയ്യേണ്ടതില്ല. ഇ-പ്ലാറ്റുഫോമുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്.
ഏതെങ്കിലും കാരണവശാല്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ഓഫീസില്‍ ഉദ്യോഗാർത്ഥി നേരിട്ട് ഹാജരാകേണ്ട ആവശ്യമുണ്ടെങ്കില്‍ നേരത്തെ അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. ഇ-സേവനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ www.lmra.bh എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടാതെ സംശയങ്ങള്‍ക്കായി 17506055 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. പുതിയ മാറ്റങ്ങള്‍ ഇന്ന് മുതല്‍ പ്രാബ്യലത്തില്‍ വന്നിട്ടുണ്ട്.