മനാമ: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളുമായി ബഹ്‌റൈന്‍ ഭരണകൂടം. ഫഈഖ ബിൻത് സഈദ് അൽ സലേഹ്, പബ്ലിക് സെക്യൂരിറ്റി ചീഫ് താരിഖ് അല്‍ ഹസന്‍, ഇന്‍ഡസ്ട്രി, കോമേഴ്‌സ് ആന്റ് ടൂറിസം മിനിസ്റ്റര്‍ സയിദ് അല്‍ സയാനി എന്നിവരാണ് പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
പുതിയ കോവിഡ് പ്രതിരോധ നീക്കങ്ങള്‍ ഇവയാണ്
1. എല്ലാ പൊതു ആരോഗ്യ സംവിധാനങ്ങളും ജനങ്ങള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കും. (സ്വദേശികള്‍ക്കും വിദേശികള്‍ക്കും).
2. ബഹ്‌റൈനില്‍ താമസിക്കുന്ന എല്ലാവരും വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദേശം. (അടിയന്തര സാഹചര്യങ്ങളിലൊഴികെ).
3. എല്ലാ കോമേഴ്‌സ്യല്‍ ഔട്ട്‌ലെറ്റുകളും മാര്‍ച്ച് 26 മുതല്‍ ഏപ്രിൽ 9 വരെ പ്രവര്‍ത്തിക്കില്ല. (ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്‌റ്റോഴ്‌സ്, ബേക്കറികള്‍, ഫാര്‍മസി, ബാങ്കുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും)
4. പൊതു ഇടങ്ങളില്‍ അഞ്ചിലധികം പേര്‍ ഒന്നിച്ചു കൂടുന്നത് നിരോധിച്ചു.
5. ബീച്ചുകള്‍ക്കും പാര്‍ക്കുകളിലും നിരോധനം.
6. 30,000 വളണ്ടിയേഴ്‌സ് ഇതുവരെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇതില്‍ പതിനായിരം വളണ്ടിയേഴ്‌സ് അവരുടെ താമസ മേഖലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തും.
7. ബഹ്‌റൈന്‍ എക്‌സിബിഷന്‍ സെന്റര്‍ പരിശോധ സ്ഥലമാക്കി മാറ്റും.
8. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പ്രകാരം ബഹ്‌റൈന്‍ നേരത്തെ നിശ്ചയിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും.
9. സ്വകാര്യ മേഖല റിമോട്ട് വര്‍ക്കിംഗ് പോളിസി പിന്തുടരണം. (വീടുകളില്‍ നിന്ന് ജോലി ചെയ്യുന്ന തരത്തിലുള്ള നീക്കങ്ങള്‍)
സ്വകാര്യ കമ്പനികള്‍ നിര്‍ബന്ധമായും പുതിയ നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്‌റ്റോഴ്‌സ്, ബേക്കറികള്‍, ഫാര്‍മസി, ബാങ്കുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. 5ലധികം പേര്‍ ഒന്നിച്ചു കൂടിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.
നിലവില്‍ 182 പേരാണ് ബഹ്റൈനില്‍ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 149 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 179 പേരുടെ ആരോഗ്യനില തൃപ്തികരമാണ്.
ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ണായക നീക്കങ്ങള്‍ ശക്തമാക്കുന്നുവെന്ന സൂചനയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. നേരത്തെ ആരാധനാലയങ്ങളില്‍ മറ്റിടങ്ങളിലും ഒത്തുകൂടുന്നത് നിയന്ത്രണം കൊണ്ടുവന്നിരുന്നു.