അബുദാബി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി യുഎഇ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെക്കുന്നു. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളും ഇതോടെ സര്‍വീസുകള്‍ നിര്‍ത്തിവെക്കും. വിലക്ക് ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും ബാധകമാണെന്നാണ് റിപ്പോര്‍ട്ട്. യുഎഇ നാഷണല്‍ എമര്‍ജന്‍സി ആന്റ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ ഉത്തരവ് അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നിലവില്‍ വരും. 14 ദിവസത്തേക്കായിരിക്കും താല്‍ക്കാലിക വിലക്ക് നിലനില്‍ക്കുക. ചരക്ക് വിമാനങ്ങളും ഇതര അടിയന്തര വിമാനങ്ങള്‍ക്കും വിലക്കുണ്ടാവില്ല. കോവിഡ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ബന്ധിതരാവുന്നുവെന്നാണ് സൂചനകള്‍. ഇന്നലെ സൗദി അറേബ്യ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ ആറ് വരെ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് കര്‍ശന നിയന്ത്രണം ഉണ്ടാകും. 21 ദിവസം കര്‍ഫ്യൂ തുടരും.