കൊച്ചി: ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് വീട്ടമ്മയുടെ കൈകൾ പൊള്ളിയെന്ന് വ്യാജ പ്രചാരണം പൊളിച്ചെടുക്കി ഡോ. മനോജ് വെള്ളനാട്. ഫെയിസ്ബുക്കിൽ അദ്ദേഹം എഴുതിയ കുറപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണമെന്ന സർക്കാർ നിർദേശം പുറത്തുവന്നതിന് പിന്നാലെ ഇത്തരം വ്യാജ പ്രചാരണങ്ങളും തലപൊക്കിയിരുന്നു.
ഡോക്ടറുടെ കുറിപ്പ് വായിക്കാം.
ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ചശേഷം പാചകം ചെയ്ത വീട്ടമ്മയുടെ കൈ കണ്ടോ? എന്നൊക്കെ മധുരോദാരമായ മലയാളത്തിൽ, നാട്ടിലെ പെണ്ണുങ്ങളുടെ കൈ ഏതു വിധേനയും സംരക്ഷിച്ചേ പറ്റൂ എന്ന ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത ഏതോ ഒരു ചേട്ടൻ്റെ ഓഡിയോ കേട്ടു.. കൂടെ രണ്ടു കൈയിലും മുറിവുള്ള, പേടിപ്പെടുത്തുന്നൊരു പടവും.
എല്ലാവർക്കുമറിയാം ഹാൻഡ് സാനിട്ടൈസറിൽ ആൾക്കഹോൾ ചേർന്നിട്ടുണ്ടെന്ന്. അതാ പാക്കറ്റിൽ എഴുതിയിട്ടുമുണ്ടാവും. പക്ഷെ സാധാരണ നിഷ്കർഷിക്കുന്ന പോലെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചാൽ തീയിൽ കാണിച്ചാലും അത് കൈയിലിരുന്ന് കത്തില്ലാ.
കാരണം, ആൾക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസറുകളിലെ ഈ ആൾക്കഹോൾ കൈകളിൽ പുരട്ടിക്കഴിഞ്ഞ്, ഏതാനും സെക്കൻഡുകൾക്കുള്ളിൽ പൂർണ്ണമായും ബാഷ്പീകരിക്കപ്പെടും. എന്തെങ്കിലും കൈയിൽ അവശേഷിക്കുന്നുണ്ടെന്ന് തോന്നുന്നെങ്കിൽ, അത് ഹാൻഡ് സാനിറ്റൈസറിലെ അഡിറ്റീവുകളായിരിക്കും ഉദാ: സാധാരണയായി ആൾക്കഹോളിന്റെ ഈ ബാഷ്പീകരണം വൈകിപ്പിക്കാൻ ചേർക്കുന്ന ഗ്ലിസറിൻ പോലുള്ള ചിലതരം മോയ്‌സ്ചുറൈസറുകൾ.
എന്നാൽ കൈയിൽ ആവശ്യത്തിലധികം സാനിട്ടൈസർ ഒഴിച്ചാൽ അത് ബാഷ്പീകരിക്കപ്പെടാൻ കൂടുതൽ സമയമെടുക്കും. അതുകൊണ്ട് ആവശ്യമുള്ള അളവിലാണോ എടുത്തതെന്നറിയാൻ കൈ 20-30 സെക്കൻഡുകൾക്കുള്ളിൽ പൂർണമായും ഉണങ്ങിയോ എന്ന് നോക്കിയാ മതിയെന്ന് നമ്മൾ പറയാറുണ്ട്. അപ്പോഴേക്കും ഉണങ്ങിയില്ലെങ്കിൽ അളവ് കൂടുതലാണെന്നർത്ഥം. ആദ്യ പ്രാവശ്യം അളവ് കൂടുതലാണെങ്കിൽ, അടുത്ത പ്രാവശ്യം എടുക്കുമ്പോൾ അതിനനുസരിച്ച് അളവ് കുറയ്ക്കുക.
ഇനിയാ ചിത്രത്തെ പറ്റി. ആ ചിത്രത്തിലെ വലതു കൈത്തണ്ടയിലെ മുറിവിൻ്റെ അരികുകൾ മൂർച്ചയുള്ളതാണ്. തുടർന്ന് കാണുന്ന തൊലിയിലെ പാറ്റേണും സൂചിപ്പിക്കുന്നത് അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റി വയ്ക്കാനായി തൊലി ചീകിയെടുത്തതിൻ്റെ പാടായിരിക്കാം എന്നാണ്. അതുമല്ലെങ്കിൽ രണ്ടു കൈയും പൊള്ളലേൽപ്പിക്കാൻ പാകത്തിനുള്ള ഏതെങ്കിലും ലായനിയിൽ മുക്കിയതാവാം. എന്തായാലും ഒരു യഥാർത്ഥ ‘തീ’ പൊള്ളൽ ഇങ്ങനെയല്ലാ, ഷാർപ്പ് മാർജിനോടെയല്ലാ കാണുന്നത്..
സാനിട്ടൈസറിൻ്റെ കുപ്പിയിൽ ശ്രദ്ധിച്ചാലിങ്ങനെയും എഴുതിയിട്ടുണ്ടാവും, ആൾക്കഹോൾ ഉള്ളതു കാരണം ഇത് inflammable അഥവാ കത്തുന്ന ദ്രാവകമാണെന്ന്. അതിനാൽ ഇത് ഉയർന്ന താപനിലയിൽ നിന്നും തീജ്വാലകളിൽ നിന്നും അകറ്റി നിർത്തുന്നത് നല്ലതാണെന്നും. എന്നുവച്ച് ഒരാളുടെ കൈ വൃത്തിയാക്കാൻ ഇത് ഉപയോഗിച്ചുകഴിഞ്ഞാൽ ആ കൈയ്ക്ക് തീ പിടിക്കുകയൊന്നുമില്ല. കാരണം കൈയിലെ ആൾക്കഹോൾ ബാഷ്പീകരിച്ചു പോയല്ലോ…!
ഇങ്ങനൊരു വ്യാജ പടവും തപ്പിയെടുത്ത്, അതിനൊരു ഓഡിയോയും ഉണ്ടാക്കി വിടുന്നവന്മാർക്ക് വേറെ ഒരു പണിയുമില്ലെങ്കി, വൈകുന്നേരങ്ങളിൽ പുരപ്പുറത്ത് കയറി നിന്ന്, ”ഗോ കൊറോണ, കൊറോണ ഗോ.” എന്നെങ്കിലും പറഞ്ഞൂടേ..?
ഡോ. മനോജ് വെള്ളനാട്