മനാമ: കോവിഡ്-19 (കൊറോണ വൈറസ്) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ബഹ്‌റൈന്‍. നേരിട്ടെത്തി പങ്കെടുക്കേണ്ടിയിരുന്ന ഡ്രൈവിങ് ടെസ്റ്റിനുള്ള തിയറി ക്ലാസുകള്‍ ഞായറാഴ്ച മുതല്‍ ഓണ്‍ലൈനായി നടത്തും. ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ശൈഖ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍വഹാബ് ആല്‍ ഖലീഫയാണ് പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്.
ക്ലാസുകള്‍ വിവിധ ഭാഷകളില്‍ ഉണ്ടായിരിക്കും. ഡ്രൈവിംഗ് സെന്ററുകളിലെ ക്ലാസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവെക്കാന്‍ നേരത്തെ അധികൃതര്‍ തീരുമാനിച്ചിരുന്നു. കോവിഡിന്റെ വ്യാപനത്തിന് ഇത്തരം ക്ലാസുകള്‍ വഴിയൊരുക്കുമെന്ന് കണ്ടാണ് പുതിയ നീക്കം. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.