തിരുവനന്തപുരം: കേരളത്തില്‍ 19 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒമ്പത് പേര്‍ക്ക് കണ്ണൂരിലും കാസര്‍കോഡും മലപ്പുറത്തും മൂന്ന് പേര്‍ക്ക് വീതവും തൃശൂരില്‍ രണ്ട് പേര്‍ക്കും വയനാട്ടിലും ഇടുക്കിയിലും ഓരോരുത്തര്‍ക്കമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 126 ഉയര്‍ന്നു.
ഒരു ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. വില കൂട്ടി വില്‍ക്കുന്നത് അനുവദിക്കാനാകില്ലെന്ന് മുഖ്യന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മൊത്തക്കച്ചവടക്കാരുമായി സംസാരിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ എത്തിക്കുന്നതിന് സംവിധാനം ഉണ്ടാക്കുമെന്നും ഉന്നതതല സംഘം കാര്യങ്ങള്‍ നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയാവും ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക. കമ്യൂണിറ്റി കിച്ചന്‍ വഴി നാളെ മുതല്‍ ഭക്ഷണം വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്തുകള്‍ തോറും 200 പേരടങ്ങിയ യുവാക്കളുടെ സന്നദ്ധസേനക്ക് രൂപം നല്‍കും. നഗരസഭകളില്‍ 500 പേരുടെ സന്നദ്ധസേനക്കാവും രൂപം നല്‍കുക.
ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ പൊലീസിന്റെ ഇടപെടല്‍ ഫലപ്രദമാണ്. തടയാന്‍ പാടില്ലാത്തവരെ തടയുന്ന സാഹചര്യമുണ്ടായി. ഇക്കാര്യത്തില്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്നും പിണറായി പറഞ്ഞു. രാജ്യത്ത് കോവിഡ്19 വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 649 ആയി ഉയര്‍ന്നു. നിലവില്‍ 539 പേരാണ് ചികിത്സയിലുള്ളത്. 43 പേര്‍ രോഗമുക്തി നേടിയതായാണ് റിപ്പോര്‍ട്ട്.