മനാമ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈന്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ടാസ്‌ക് ഫോഴ്‌സ്. നിലവില്‍ തുടരേണ്ടതും വരും ദിവസങ്ങളില്‍ ശക്തിപ്പെടുത്തേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമന്ത്രി ഹിസ് എക്‌സലന്‍സി ഫയീഖ ബിന്‍ത് സയ്യിദ് അല്‍ സലാഹ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
നിലവില്‍ രാജ്യത്ത് 1667 ബെഡുകള്‍ കോവിഡ് ബാധിതരുടെ ചികിത്സയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ 249 ബെഡ് ഉപയോഗത്തിലാണ്. കൂടാതെ 2504 പേര്‍ക്ക് ഐസലേഷനില്‍ കഴിയാനുള്ള ക്വാറന്റീന്‍ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. അവയില്‍ 139 കിടക്കളില്‍ രോഗികള്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ക്വാറന്റൈന്‍ സെന്ററുകള്‍ പോസീറ്റീവ് രോഗികളെ പരിചരിക്കുന്ന ചികിത്സാ കേന്ദ്രമാക്കി മാറ്റാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയം കാണുന്നുണ്ട്, പ്രത്യേകിച്ച് 5 പേരിലധികം കൂടിച്ചേരുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്. മാര്‍ച്ച് 26 മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്, ഇത് ഏപ്രില്‍ 9 വരെ തുടരും. ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, കോള്‍ഡ് സ്റ്റോറുകള്‍, ബേക്കറി, ഫാര്‍മസി, ബാങ്കുകള്‍ തുടങ്ങിയ അവശ്യ വസ്തുക്കളുടെ വ്യാപാരം തുടരും. ഹോട്ടലുകളില്‍ ടേക്ക് എവേ കൗണ്ടര്‍ പ്രവര്‍ത്തിക്കും.
രാജ്യത്ത് ആറ് മാസത്തേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ട്. ഭക്ഷണത്തിന് ക്ഷാമം വരില്ലെന്ന് ഉറപ്പു വരുത്തും, ആവശ്യമെങ്കില്‍ കൂടുതല്‍ ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് അംഗവും ഇന്‍ഫക്ഷന്‍ ഡിസീസ് കണ്‍സള്‍ട്ടന്റുമായി ഡോ. മനാഫ് അല്‍ ഖത്വാനിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ജനങ്ങള്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മഹാമാരിയെ മറികടക്കാന്‍ നമുക്ക് സാധിക്കുമെന്ന് ഡോ. മനാഫ് ചൂണ്ടിക്കാണിച്ചു.