മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് ബാധിതരായ 17 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടവരുടെ എണ്ണം 227 ആയി ഉയര്‍ന്നു. നിലവില്‍ 235 പേരാണ് രാജ്യത്ത് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 30506 പേരെയാണ് പരിശോധനകള്‍ക്ക് വിധേയമാക്കിയിരിക്കുന്നത്. 4പേര്‍ വൈറസ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. ഇന്ന് മാര്‍ച്ച് 27ന് ഉച്ചക്ക് 1 മണിക്ക് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. പൊതുഇടങ്ങളില്‍ 5ലധികം പേര്‍ ഒത്തുചേര്‍ന്നാല്‍ നിയമനടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 26ന് വൈകിട്ട് ഏഴ് മുതല്‍ ഏപ്രില്‍ ഒമ്പത് വൈകിട്ട് ഏഴ് വരെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റ്, ബേക്കറി, ബാങ്ക്, ഫാര്‍മസി, കോള്‍ഡ് സ്റ്റോര്‍ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് നിയന്ത്രണം.
കോവിഡ് വൈറസ് വ്യാപനം തടയാന്‍ അതിശക്തമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് ബഹ്റൈന്‍ ഭരണകൂടത്തിന്റെ തീരുമാനം. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.റസ്റ്റോറന്റുകളില്‍ ടെയ്ക് എവേ, ഡെലിവറി മാത്രമാണ് ഉണ്ടാവുക. റീട്ടെയ്ല്‍, ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങള്‍ക്ക് ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളിലൂടെ വില്‍പനയും ഡെലിവറിയും നടത്താം.