ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കോവിഡ് 19 (കൊറണ വൈറസ്) ബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതോടെ പൊതു കാര്യങ്ങളിൽ അദ്ദേഹത്തിന് നേരിട്ട് പങ്കെടുക്കാനാവില്ല. അടിയന്തര സാഹചര്യത്തിലൂടെ കടന്നുപോകുന്ന രാജ്യത്തെ കോൺഫറൻസിങ് വഴി നയിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നിലവിൽ ബോറിസ് ജോൺസന്റെ ആരോഗ്യനില തൃപ്തികരമാണ്.
നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും ചാൾസ് രാജകുമാരനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സ്‌കോട്ട്ലന്‍ഡിലെ ബല്‍മോറല്‍ കൊട്ടാരത്തില്‍ ചികിത്സയില്‍ കഴിയുകയാണ് 71കാരനായ ചാള്‍സ് ഫിലിപ് ആര്‍തര്‍ ജോര്‍ജ് (ബ്രിട്ടീഷ് രാജകുമാരന്‍) എന്ന് ലോക്കല്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ കാമിലക്ക് രോഗം ബാധിച്ചിട്ടില്ല. അദ്ദേഹവുമായി ഇടപഴകിയ എല്ലാവരും നിരീക്ഷണത്തില്‍ കഴിയുകയാണ്.
ബ്രിട്ടനില്‍ വൈറസ് ബാധ അതിരൂക്ഷമാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 578 പേർ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. 11,658 പേർക്കാണ് വൈറസ് ബാധയേറ്റ് ചികിത്സയിലാണ്. പതിനായിരങ്ങള്‍ നിരീക്ഷണത്തിലുണ്ട്. സ്പെയ്ൻ. ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെയും സ്ഥിതിഗതികൾ വ്യത്യസ്ഥമല്ല.