തിരുവനന്തപുരം: സംസ്ഥാനത്തെ 45 ആശുപത്രികളിലെ നഴ്‌സിംഗ് സൂപ്രണ്ടുമാരുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ആശുപത്രികളുടെ യഥാര്‍ത്ഥ ചിത്രം മനസിലാക്കാനും അവരുടെ അഭിപ്രായം കൂടി വിലയിരുത്തുന്നതിനും വേണ്ടിയാണ് ചര്‍ച്ച നടത്തിയത്. ആരോഗ്യ വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നഴ്‌സുമാര്‍ പിന്തുണയറിയിച്ചു.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ രംഗത്തെ എല്ലാ ജീവനക്കാരും കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനായി സുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. നഴ്‌സുമാര്‍ ചെയ്യുന്ന സേവനങ്ങള്‍ ഏറ്റവും മഹത്തരമാണ്. നഴ്‌സുമാര്‍ ആശുപത്രികളുടെ നട്ടെല്ലാണ്. സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ എല്ലാം മാറ്റിവച്ച് സേവനത്തിനിറങ്ങുന്നവരാണ് നഴ്‌സുമാര്‍. പ്രളയ സമയത്തും നിപ വൈറസ്ബാധ സയത്തും നഴ്‌സുമാരുടെ സേവനം നമുക്കൊരിക്കലും വിസ്മരിക്കാനാകില്ല. ലോകത്ത് 195-ലധികം രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിക്കുമ്പോഴും നഴ്‌സുമാരുടെ സേവനം ഏറ്റവും വിലപ്പെട്ടതാണ്. രോഗികളുമായി ഏറ്റവുമധികം അടുത്തിടപഴകുന്നവരാണ് നഴ്‌സുമാര്‍. അതിനാല്‍ ആരോഗ്യ വകുപ്പ് നിഷ്‌ക്കര്‍ഷിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലായിപ്പോഴും പാലിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ രോഗിയായി മാറുന്ന സാഹചര്യം ഉണ്ടാകരുത്. രോഗിയെ ശുശ്രൂഷിച്ച നമ്മുടെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ആ കുട്ടിയെ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ആരോഗ്യ വകുപ്പിന്റെ പിന്തുണയറിയിക്കുകയും ചെയ്തു. വളരെ ആത്മവിശ്വാസത്തോടെയാണ് ആ ജീവനക്കാരി സംസാരിക്കുന്നത്. ഈ ആത്മവിശ്വാസം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കുന്നു. ഇനിയൊരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചികിത്സയുടെ ഭാഗമായി ഈ രോഗം പകരാതെ എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
എന്‍.എച്ച്.എം. കോണ്‍ഫറന്‍സ് ഹാളിലെ വീഡിയോ കോണ്‍ഫറന്‍സില്‍ എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി എന്നിവര്‍ മന്ത്രിയോടൊപ്പം പങ്കെടുത്തു.