കൊച്ചി: കോവിഡ്-19 (കൊറോണ വൈറസ്) പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ അനാവശ്യമായി അധിക്ഷേപിക്കുന്നതിനെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പ്രവാസികള്‍ നമ്മുടെ നാടിന്റെ സാമ്പത്തിക സ്രോതസ്സിന്റെ നട്ടെല്ലാണ്. സമ്പദ്ഘടനയെ സംരക്ഷിച്ച് നിര്‍ത്തുന്നത് പ്രവാസികളാണ്. അവരെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നേരത്തെ പ്രവാസികളാണ് കോവിഡ് വ്യാപനത്തിന് കാരണമെന്ന തരത്തില്‍ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പരമാര്‍ശങ്ങള്‍ നടത്തിയിരുന്നു.
പ്രവാസികളുടെ തിരിച്ചുവരവാണ് കോവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ കൂടാന്‍ കാരണം എന്ന വ്യാജ പ്രചാരണം ശരിയല്ല. പ്രവാസികള്‍ ചിലരെങ്കിലും സര്‍ക്കാര്‍ നിര്‍ദേശം കൃത്യമായി അനുസരിക്കാതിരുന്നിട്ടുണ്ടാകാം. എന്നാല്‍, ഇതിന്റെ പേരില്‍ മുഴുവന്‍ പ്രവാസികളെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല. പ്രവാസികളില്ലെങ്കില്‍ കേരളമില്ല, നമ്മുടെ ജീവിതവുമില്ല. കേരളത്തിന് പ്രവാസികള്‍ നല്‍കിയിട്ടുള്ള, നല്‍കികൊണ്ടിരിക്കുന്ന സംഭാവനകളെക്കുറിച്ച് നാം ഓര്‍ത്തിരിക്കണം. ഒരിക്കലും ഇത്തരം കുപ്രചരണങ്ങള്‍ ആവര്‍ത്തിക്കരുത്. സ്പീക്കര്‍ ചൂണ്ടിക്കാണിച്ചു.
കൊറോണയുടെ പേരില്‍ പ്രവാസി സമൂഹത്തെ ആക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ലോകത്തിലെ ചില രാജ്യങ്ങളൊഴിച്ച് എല്ലാ സ്ഥലങ്ങളിലും കൊറോണയെന്ന് മഹാമാരി വ്യാപിച്ചു കഴിഞ്ഞു. എല്ലാവരും ഒന്നിച്ച് നിന്ന് കൊറോണയെ തോല്‍പ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.