മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് ബാധിതരായ 11 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടവരുടെ എണ്ണം 265 ആയി ഉയര്‍ന്നു. ഇന്ന് മാർച്ച് 28, 7:00 PM വരെയുള്ള വിവരങ്ങൾ പ്രകാരം 30 പേർ ഇന്ന് മാത്രം അസുഖം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. രാവിലെ 7 പേർക്കും വൈകിട്ട് 3 പേർക്കുമടക്കം 10 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ള രോഗികൾ 207 ആണ്. ഒരാളുടെ നില ഗുരുതരമായി തുടരുന്നുണ്ട്. 4 പേരാണ് ഇതുവരെ വൈറസ് ബാധയേറ്റ് രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത്. ഇതുവരെ 31526 പേരെ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. ഇൻഫർമേഷൻ മന്ത്രാലയത്തിന് കീഴിൽ വിവിധ ഭാഷകളിലായി രാജ്യത്തെ ജനങ്ങൾക്ക് ബോധവത്കരണം പുരോഗമിക്കുന്നുണ്ട്. പൊതുഇടങ്ങളില്‍ 5ലധികം പേര്‍ ഒത്തുചേര്‍ന്നാല്‍ നിയമ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മാർച്ച് 26ന് ആരംഭിച്ച വ്യാപാര സ്ഥാപനങ്ങളുടെ നിയന്ത്രണം ഏപ്രില്‍ ഒമ്പത് വൈകിട്ട് ഏഴ് വരെ തുടരും. ഹൈപ്പര്‍ മാര്‍ക്കറ്റ്, ബേക്കറി, ബാങ്ക്, ഫാര്‍മസി, കോള്‍ഡ് സ്റ്റോര്‍ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് നിയന്ത്രണം.