മനാമ: ഗള്‍ഫ് രാജ്യങ്ങള്‍ ഏറ്റവും രോഗമുക്തി നേടിയവര്‍ ബഹ്‌റൈനില്‍. ബഹ്‌റൈന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ലോകാരോഗ്യ സംഘടനയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ബഹ്‌റൈന്‍ ഭരണകൂടം നടപ്പിലാക്കിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് രോഗമുക്തി നേടുന്നവരുടെ നിരക്കിലുണ്ടായ വര്‍ദ്ധനവ്.
ബഹ്‌റൈനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 476 ആണ്. ഇതില്‍ 265 പേരാണ് സുഖം പ്രാപിച്ചത്. അതായത് 55.67 ശതമാനം പേര്‍ രോഗമുക്തി നേടി. സൗദിയില്‍ 1104ല്‍ 35 പേരും (3.17 ശതമാനം) യു.എ.ഇയില്‍ 405ല്‍ 55 പേരും (13.58 ശതമാനം) ഒമാനില്‍ 152ല്‍ 23 പേരും (15.13 ശതമാനം) കുവൈത്തില്‍ 235ല്‍ 64 പേരും (27.23 ശതമാനം) ഖത്തറില്‍ 562ല്‍ 43 പേരും (7.65 ശതമാനം) ആണ് സുഖം പ്രാപിച്ചത്. ആഗോളതലത്തില്‍ 22 ശതമാനത്തോളമാണ് ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം. 4.58 ശതമാനമാണ് മരണ നിരക്ക്.
ടാസ്‌ക് ഫോഴ്‌സും ആരോഗ്യ മന്ത്രാലയവുമാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ (മാര്‍ച്ച് 28 7pm) റിപ്പോര്‍ട്ട് പ്രകാരം 207 പേരാണ് ബഹ്‌റൈനില്‍ ചികിത്സയിലുള്ളത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 31526 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. 4 പേര്‍ മരണപ്പെട്ടു. 265 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.