മനാമ: കോവിഡ്-19 വൈറസിന്റെ വ്യാപനം തടയുന്നതിനായി സുപ്രധാന നീക്കം നടത്തി ബഹ്‌റൈന്‍ ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങള്‍. ഇരു മന്ത്രാലയങ്ങളും സംയുക്തമായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളും നിര്‍ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുകയാവും സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
ബാബുല്‍ ബഹ്‌റൈന്‍, ദുറത്തുല്‍ ബഹ്‌റൈന്‍, ബുദയ്യ റോഡ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. പൊതുജനങ്ങളില്‍ കോവിഡ്-19 പകരുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനുമുദ്ദേശിച്ചാണ് ഇത്തരമൊരു നീക്കം.
പ്രത്യേക മെഡിക്കല്‍ സംഘവും കൊറോണ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന വളണ്ടിയേഴ്‌സും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു. സന്ദര്‍ശന മേഖലകളില്‍ നിന്ന് മെഡിക്കല്‍ സാമ്പിളുകളും ശേഖരിച്ചു. കൊറോണ വൈറസ് ബാധിച്ചതായി സംശയമുള്ളവരുടെ സമ്പര്‍ക്കത്തിലുള്ള വയോധികരുടെ സാമ്പിളുകളായിരിക്കും പ്രധാനമായും ശേഖരിച്ചത്. വിവിധ മേഖലകള്‍ അണുവിമുക്തമാക്കിയിട്ടുണ്ടോയെന്നും സംഘം പരിശോധിച്ച് വരുന്നുണ്ട്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈന്‍ ശക്തമാക്കിയിട്ടുണ്ട്. ഒരു മീറ്റര്‍ അകലം പാലിക്കുക, പൊതു സ്ഥലങ്ങളില്‍ 5ലധികം പേര്‍ ഒത്തുചേരാതിരിക്കുക തുടങ്ങിയ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇവ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പൊലീസും രംഗത്തുണ്ട്.