റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 154 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അസുഖ ബാധിതരുടെ എണ്ണം 1453 ആയി ഉയര്‍ന്നു. ഇന്ന് സ്ഥിരീകരിച്ച 138 പേര്‍ക്ക് വൈറസ് ബാധയേറ്റിരിക്കുന്നത് സാമൂഹിക സമ്പര്‍ക്കത്തിലൂടെയാണ്. ബാക്കിയുള്ളവര്‍ വിദേശത്ത് നിന്നെത്തി ഐസലേഷനില്‍ കഴിയുന്നവരാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നുണ്ട്. രോഗം ബാധിച്ച ഭൂരിഭാഗം പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ക്ക് രോഗമുക്തി നേടാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ന് അസുഖം സ്ഥിരീകരിച്ചവരുടെ മേഖല തിരിച്ചുള്ള കണക്ക്; മക്ക 40, ദമ്മാം 34, റിയാദ് 22, മദീന 22, ജിദ്ദ 9, ഹൊഫൂഫ് 6, ഖോബാര്‍ 6, ഖതീഫ് 5, താഇഫ് 2. ഇതിന് പുറമെ യാന്പു, ബുറൈദ, അല്‍ റാസ്, കമീസ് മുശൈത്ത്, ദഹ്‌റാന്‍, സംതാഹ്, ദവാദ്മി, തബൂക്ക് എന്നിവിടങ്ങളില്‍ ഓരോ കേസും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് മാത്രം 49 പേരാണ് രോഗഭേദമായി ആശുപത്രി വിട്ടത്.
വിദേശത്ത് നിന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ തിരിച്ചെത്തി നേരെ ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്ന ആയിരത്തോളം പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. 14 ദിവസത്തെ സമയപരിധിക്കകത്ത് ഇവര്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തിയാണ് മടക്കി അയക്കുന്നത്. നാളെ മുതല്‍ കൂടുതല്‍ പേരെ ഐസൊലേഷനില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും മാറ്റും. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പേ തന്നെ സൗദി ഭരണകൂടം എടുത്ത നടപടി കോവിഡ് പ്രതിരോധത്തില്‍ നേട്ടമുണ്ടാക്കുമെന്നുറപ്പാണ്.