മനാമ: സാഹചര്യം മുതലാക്കി അവശ്യ വസ്തുക്കളുടെ വില വര്‍ദ്ധിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അറ്റോണി ജനറല്‍ അലി ബിന്‍ ഫദല്‍ അല്‍ ബുഔനിന്റെ മുന്നറിയിപ്പ്. കോവിഡ്-19 പശ്ചാത്തലത്തില്‍ രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഏതെങ്കിലും വിധത്തില്‍ വിഘാതം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ യാതൊരു പരിഗണനയുമില്ലാതെ നടപടി സ്വീകരിക്കും അറ്റോണി ജനറല്‍ ചൂണ്ടിക്കാണിച്ചു.
പ്രത്യേക സാഹചര്യത്തിന്റെ ആനുകൂല്യം മുതലാക്കി വില വര്‍ദ്ധിപ്പിച്ച് വിറ്റാല്‍ ക്രിമിനല്‍ കുറ്റമാക്കി കണക്കാക്കും. ഇത്തരക്കാര്‍ക്ക് ശിക്ഷയായി മിനിമം 5,000 ബഹ്‌റൈനി ദിനാര്‍ പിഴയും അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. അറ്റോണി ജനറല്‍ വ്യക്തമാക്കി. ഇന്‍ഡസ്ട്രി, കോമേഴ്‌സ് ആന്റ് ടൂറിസം മിനിസ്ട്രി ഇന്‍സ്‌പെക്ടേഴ്‌സ് നടത്തിയ പരിശോധനയില്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന പഴം, പച്ചക്കറികള്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മുന്നറിയിപ്പുമായി അറ്റോണി ജനറല്‍ രംഗത്ത് വന്നിരിക്കുന്നത്.
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ബഹ്‌റൈന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുമെന്ന് നേരത്തെ ബഹ്‌റൈന്‍ ഭരണാധികാരികള്‍ വ്യക്തമാക്കിയിരുന്നു. സാധനങ്ങള്‍ പൂഴ്ത്തി വെക്കുന്നത് പുതിയ സാഹചര്യത്തില്‍ ക്രിമിനല്‍ കുറ്റമാണ്.