മനാമ: ബഹ്റൈനില്‍ ഇന്ന് (മാർച്ച് 31) വൈകിട്ട് 8 മണി വരെയുള്ള ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 247 ആയി. 52 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 47 പേരും വിദേശ തൊഴിലാളികളാണ്. മുൻപ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായതിനെ തുടർന്ന് ക്വാറൻ്റീനിൽ നിരീക്ഷണത്തിലായിരുന്നു ഇവർ. തുടർന്ന് നടത്തിയ ലബോറട്ടറി പരിശോധനയിൽ ഇന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. 52 പേരിൽ ബാക്കിയുള്ള 4 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. ഒപ്പം തന്നെ 21 പേർ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുമുണ്ട്. ഇതോടെ ബഹ്റൈനില്‍ രോഗമുക്തരായവരുടെ എണ്ണം 316 ആയി ഉയർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് 34159 പേരെ ഇതുവരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കി. ചികിത്സയിലുള്ള 247 പേരില്‍ രണ്ട് പേരുടെ ഒഴികെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നാല് പേരാണ് രാജ്യത്ത് വൈറസ് ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. മരിച്ചവര്‍ക്കെല്ലാം വൈറസ് ബാധയേല്‍ക്കുന്നതിന് മുന്‍പ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.