മനാമ: ബഹ്‌റൈനില്‍ ഹോം ഐസലേഷന്‍ നിര്‍ദേശം ലംഘിച്ച രണ്ട് പേര്‍ക്ക് മൂന്ന് മാസം തടവ്. ഒരു അഭിഭാഷകയ്ക്കും ബിസിനസുകാരനുമാണ് കീഴ്‌ക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികളിലൊരാളെ നാടുകടത്താനും കോടതി വിധിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നടപടി. പ്രതികള്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതായി വ്യക്തമായതോടെയാണ് കോടതി കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.
കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് ബഹൈറിനിലെത്തിയ ഇരുവരോടും ആരോഗ്യ മന്ത്രാലയം 14 ദിവസം ഹോം ഐസലേഷനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും നിര്‍ദേശങ്ങള്‍ അവഗണിച്ചു. അഭിഭാഷക തന്റെ ഓഫീസ് സന്ദര്‍ശിച്ചിരുന്നതായും ബിസിനസുകാരന്‍ വിമാനത്താവളം സന്ദര്‍ശിച്ചതായും കോടതിയില്‍ തെളിയിക്കപ്പെട്ടു. കോവിഡ് വ്യാപനം തടയുന്നതിന് പൊതുജനങ്ങള്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പൊലീസും രംഗത്തുണ്ട്.