മനാമ: പ്രവാസികള്‍ക്കിടയില്‍ കോവിഡ്-19(കൊറോണ വൈറസ്) വ്യാപനം ഉണ്ടായിട്ടില്ലെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. പ്രവാസികള്‍ക്കിടയില് രോഗം പടര്‍ന്നുപിടിക്കുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 52 പേരില്‍ 47 പേര്‍ പ്രവാസികളായിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹ പ്രചാരണങ്ങള്‍ ആരംഭിച്ചത്.
എന്നാല്‍ രോഗം സ്ഥിരീകരിച്ച ആളുമായി തൊഴിലാളികളില്‍ ഒരാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രസ്തുത കമ്പനിയിലെ തൊഴിലാളികളെയെല്ലാം ക്വാറന്റീനിലാക്കി. കമ്പനിയുടെ സഹായത്തോടെ സല്‍മാബാദില്‍ തന്നെയാണ് ഇവരെ ക്വാറന്റീനില്‍ താമസിപ്പിച്ചത്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 47 പേരെയും സിത്രയിലെ താല്‍ക്കാലിക ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ചികിത്സ പുരോഗമിക്കുകയാണ്.
ക്വാറന്റീന്‍ കാലത്ത് ഇവരില്‍ ആരും പുറത്തുപോയിട്ടില്ല. കഴിഞ്ഞദിവസം തൊഴിലാളികളില്‍ നടത്തിയ പരിശോധനയിലാണ് 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ കാര്യത്തില്‍ കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ ക്വാറന്റീന്‍ രണ്ട് ആഴ്ചകൂടി നീട്ടാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.