മനാമ: കൊറോണ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്‌റിനിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന വേളയിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാതിരിക്കാൻ വ്യാപാരികൾ പൊതു സമൂഹവുമായി സഹകരിക്കണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. ചെറുകിട റെസ്റ്റോറന്റുകൾ ,ചെറുകിട കച്ചവട സ്ഥാപനങ്ങൾ , കൺസ്ട്രക്ഷൻ സ്ഥാപനങ്ങൾ എന്നിവയൊക്കെ പ്രവർത്തനം താൽക്കാലികമായി നിയന്ത്രിച്ചത് മൂലം നിരവധി തൊഴിലാളികൾ വരുമാനമാർഗം ഇല്ലാതെ, ഭക്ഷണത്തിനു പോലും മാർഗം ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ അനിയന്ത്രിതമായ വിലക്കയറ്റം പ്രവാസികളുടെ ജീവിതം ദുരിതപൂര്ണമാക്കിയതായി യോഗം അംഗീകരിച്ച പ്രമേയം വിലയിരുത്തി. സീന അൻവർ അവതരിപ്പിച്ച പ്രമേയം ശ്രീജിത്ത് കൈമൾ പിന്താങ്ങി. ജോലി താൽക്കാലികമായി നഷ്ടപ്പെട്ടും വരുമാനം നിലച്ചതും ആക്ക്കോമോഡേഷനുകളിൽ കഴിയുന്ന പ്രവാസികൾക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള മാർഗരേഖ യോഗം തയ്യാറാക്കി. വീഡിയോ കോൺഫെറൻസ് വഴി കൂടിയ യോഗത്തിൽ പ്രസിഡണ്ട് ബംഗ്ലാവിൽ ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. സജി കലവൂർ, ഹാരിസ് വണ്ടാനം, വിജയലക്ഷ്മി, പ്രവീൺ മാവേലിക്കര, സുൾഫിക്കർ ആലപ്പുഴ, ജയലാൽ ചിങ്ങോലി, അനീഷ് ആലപ്പുഴ, മിഥുൻ ഹരിപ്പാട്, ജോർജ് അമ്പലപ്പുഴ, അനിൽ കായംകുളം, ബിനു ആറാട്ടുപുഴ, ജോയ് ചേർത്തല എന്നിവർ സംസാരിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ബഹ്റൈൻ ഭരണകൂടം നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ഒപ്പം തന്നെ നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ പ്രവാസികളടങ്ങുന്ന വ്യാപാരി സമൂഹവും പങ്കുചേരണമെന്ന് യോഗം ആവശ്യപ്പെട്ടു. വാണിജ്യ സ്ഥാപനങ്ങളുടെ മേധാവികളുമായി ബന്ധപ്പെടുവാൻ പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി.
