മനാമ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്ന ബഹ്‌റൈനില്‍ നിന്ന് പുറത്തുവരുന്നത് ആശ്വാസ വാര്‍ത്തകള്‍. ആരോഗ്യ മന്ത്രാലയം ഇന്ന്(ഏപ്രിൽ 4) ഉച്ചക്ക് 1 മണിക്കും രാത്രി 8 മണിക്കും പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 35 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 423 ആയി ഉയര്‍ന്നു. ഇന്ന് പതിനഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 261 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
ചികിത്സയിലുള്ള 258 പേരില്‍ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ നാല് പേരാണ് ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. 39379 പേരെയാണ് രാജ്യത്ത് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. പൊതുജനങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.