മനാമ: ബഹ്റൈനില്‍ 31 പ്രവാസി തൊഴിലാളികള്‍ക്ക് കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് (ഏപ്രിൽ 6) രാത്രി 8 മണിക്ക് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 33 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 31 പേർ സൽമാബാദ് ലേബർ ക്യാമ്പിൽ നിരീക്ഷണത്തിലുണ്ടായിരുന്ന പ്രവാസി തൊഴിലാളികളാണ്. നേരത്തെ ഇതേ ലേബർ ക്യാമ്പിലെ 113 പ്രവാസി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എല്ലാവരും തന്നെ ലേബർ ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിയവേ കോവിഡ് ബാധയേറ്റവരായതിനാൽ പ്രവാസി സമൂഹത്തിൽ ഇതുവരെ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം ബഹ്റൈനിൽ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 100 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 89 പേരും സൽമാബാദ് ലേബർ ക്യാമ്പിലെ തൊഴിലാളികളാണ്. 5 ഇന്ത്യക്കാർ രോഗമുക്തി കൈവരിച്ചു ആശുപത്രി വിട്ടിട്ടുണ്ട്. പുതുതായി രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരൻ മാർച്ച് 19ന് ബഹ്റൈനിൽ വന്നെത്തി മന്ത്രാലയത്തിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഇന്ന്(ഏപ്രില്‍ 06) ഉച്ചക്ക് 2 മണിക്കും രാത്രി 8 മണിക്കും മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 56 പേർക്കാണ് ആകെ പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ 27 പേർ (ഉച്ചക്ക് 20 + രാത്രി 7) ഇന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ബഹ്റൈനിലെ ചികിത്സയിലുള്ള ആകെ രോഗബാധിതരുടെ എണ്ണം 294 ആയി ഉയർന്നിട്ടുണ്ട്. ആകെ 458 പേർ രോഗവിമുക്തി കൈവരിച്ച് ആശുപത്രി വിട്ടു. നാല് പേരാണ് ഇതുവരെ വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. ഇതുവരെ 47684 പേരെ പരിശോധയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ രോഗമുക്തി നിരക്കാണ് ബഹ്റൈനിലേത്.