വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്ക് കോവിഡ് സംബന്ധിച്ച ആശങ്കകൾ പങ്ക് വെയ്ക്കാനും ഡോക്ടർമാരുമായി വീഡിയോ, ടെലഫോൺ വഴി സംസാരിക്കുന്നതിനും ഉള്ള സേവനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നോർക്ക അടിയന്തര നടപടി സ്വീകരിച്ചത്.
നിലവിലുള്ള പ്രശ്നങ്ങളും സംശയങ്ങളും നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഡോക്ടറുടെ ഓൺലൈൻ സേവനം, ടെലിഫോണിൽ സംസാരിക്കാനുള്ള സംവിധാനം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.
വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാരുമായി രോഗവിവരം പങ്കുവയ്ക്കുന്നതിനും നിർദ്ദേശങ്ങൾ തേടുന്നതിനും സംവിധാനമുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മുതൽ 6 വരെയാണ് ടെലിഫോൺ സേവനം ലഭ്യമാകുന്നത്.
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോ, ഇ.എൻ.ടി.ഒഫ്താൽമോളജി വിഭാഗം ഡോക്ടർമാരുടെ സേവനമാണ് നിലവിൽ ലഭിക്കുന്നത്.
നോർക്കയുടെ വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ലഭിക്കും.
വെബ്സൈറ്റിൽ പ്രവേശിച്ചാൽ കോവിഡ് രജിസ്ട്രേഷൻ, ഡോക്ടർ ഓൺ ലൈൻ, ഹലോ ഡോക്ടർ എന്ന മൂന്ന് തലക്കെട്ടുകളും ലഭിക്കുന്ന സേവനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് സേവനമാണോ വേണ്ടത് അതിന് താഴെയുള്ള ക്ളിക്ക് ബട്ടൺ അമർത്തണം. തുടർന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് വിവിധ സേവനങ്ങൾ ലഭ്യമാകും.
ഐ.എം.എ. ക്വിക് ഡോക്ടർ (quikdr.com) എന്നിവരുമായി സഹകരിച്ചാണ് നോർക്ക സേവനം നടത്തുന്നത്. www.norkaroots.org സന്ദർശിച്ച് സേവനം നേടാം.