മനാമ: 9 മാസം നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ച് ബഹ്‌റൈന്‍. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്കും തൊഴില്‍ നിയമ ലംഘകര്‍ക്കും ഇതോടെ പിഴയോ ഇതര ശിക്ഷകളോ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമൊരുങ്ങും. താമസ രേഖകള്‍ നിയമാനുസൃതമാക്കി രാജ്യത്ത് തുടരാനും അവസരമുണ്ടായിരിക്കും. ഏപ്രിൽ ആദ്യം മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവിന് 2020 ഡിസംബര്‍ 31 വരെയാണ് കാലാവധി. വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ അനധികൃത കുടിയേറ്റക്കാര്‍ക്ക് തിരിച്ചുപോവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ്-19 പശ്ചാത്തലത്തില്‍ മാനുഷിക പരിഗണന നല്‍കിയാണ് ദീര്‍ഘകാല പൊതുമാപ്പ് അനുവദിച്ചിരിക്കുന്നതെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടീവ് ഒസാമാ അല്‍ അബ്‌സി പറഞ്ഞു. നിലവിലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 55,000 അനധികൃത കുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ടെന്നാണ് അനുമാനം. ദീര്‍ഘകാല പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഇവര്‍ക്ക് താമസരേഖകള്‍ ശരിയാക്കുകയോ നാട്ടിലേക്ക് തിരികെ മടങ്ങുകയോ ചെയ്യാവുന്നതാണ്.
രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യാനോ പിഴ അടക്കാതെ നാട്ടിലേക്ക് തിരിച്ചുപോകാനോ ഇതുവഴി അവസരം ലഭിക്കും. വർക്ക് പെർമിറ്റ് കാലാവധി കഴിയുകയോ റദ്ദാക്കപ്പെടുകയോ ചെയ്തവർക്കും സ്പോൺസറുമാർ അറിയാതെ മാറി നടക്കുന്നവർക്കും രേഖകൾ ശരിയാക്കാനുള്ള അവസരമുണ്ട്.
നിലവിൽ കോടതിയിൽ മറ്റു കേസുകളുള്ളവർ പൊതുമാപ്പിൻ്റെ പരിധിയിൽ വരില്ല. സന്ദർശക വിസയിലെത്തി കാലാവധിക്കുശേഷവും രാജ്യത്ത് തങ്ങിയവർക്കും മറ്റുകാരണങ്ങളാൽ യാത്രാ നിരോധനം നേരിടുന്നവർക്കും പൊതുമാപ്പിന് അപേക്ഷിക്കാൻ കഴിയില്ല.
രേഖകൾ ശരിയാക്കി ബഹ്റൈനിൽതന്നെ തുടർന്നും ജോലിചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പിഴ അടക്കാതെ ഇതിന് അവസരം ലഭിക്കും. നാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർക്കും പിഴ അടക്കേണ്ടതില്ല.
2015 ലാണ് മുൻപ് ബഹ്‌റൈന്‍ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 42109 തൊഴിലാളികളാണ് ഇളവ് പ്രയോജനപ്പെടുത്തിയത്. മുൻ കാലങ്ങളിൽ പ്രഖ്യാപിച്ച പൊതുമാപ്പിന് തുല്യമായ നടപടി തന്നെയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് എൽ.എം.ആർ.എ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് രേഖകളില്ലാതെ തങ്ങുന്ന എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എൽ.എം.ആർ.എ അറിയിച്ചു. നേരത്തെ കുവൈറ്റും പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.