ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ പ്രവാസികളെ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ യു.എ.ഇ അംബാസിഡറുടെ നിര്‍ദേശത്തോട് പ്രതികരിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ കാലാവധി കഴിയുന്നത് വരെ പ്രവാസികളെ തിരികെയെത്തിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേകം വിമാനം അയക്കുന്നതും പ്രായോഗികമല്ല. എന്നാല്‍ പ്രവാസികളുടെ പരാതികളില്‍ എംബസി ഇടപെടുമെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ലോകത്താകമാനം കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നേരത്തെ യു.എ.ഇ സഹായം വാഗ്ദാനം ചെയ്തിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുള്ള പ്രവാസികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കുമെന്നും വിദേശികളെ നാട്ടിലെത്താനുള്ള സന്നദ്ധത എല്ലാ രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന പറഞ്ഞത്.