സെർക്കാസിക്സ് അംഗനശ്രീയിൽ ഇന്ന്(ഞായർ) ഏകാഭിനയ മത്സരം

മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാവേദി ബഹ്റൈനിലെ വിവാഹിതരായ മലയാളി വനിതകൾക്കായി സംഘടിപ്പിക്കുന്ന സെർക്കാസിക്സ് അംഗനശ്രീയുടെ ഫൈനൽ റൗണ്ടിലെ അഞ്ചാം മത്സരത്തിൽ ഇന്ന് ഏകാഭിനയം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് മത്സരം.

ഒൻപത് റൗണ്ടുകളുള്ള ഫൈനൽ മത്സരത്തിന്റെ നാല് റൗണ്ടുകൾ പൂർത്തിയായി ക്കഴിഞ്ഞപ്പോൾ ഏറെ വാശിയോടും എന്നാൽ തന്മയത്വത്തോടും കൂടിയാണ് മത്സരാർത്ഥികൾ പങ്കെടുക്കുന്നതെന്നും അതിനാൽ അന്തിമഫലം പ്രവചനാതീതമായിരിക്കുമെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.

വൻ ജനപങ്കാളിത്തമാണ് മത്സരത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പൊതു വിജ്ഞാന മത്സരവും നിറഞ്ഞ സദസ്സിനു മുന്നിലാണ് അരങ്ങേറിയത്. പ്രധാന വിധികർത്താക്കളോടൊപ്പം പ്രേക്ഷകർക്കും മത്സരം വിലയിരുത്തുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.

മത്സരാർത്ഥികളാടൊപ്പം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാവുന്ന “ഫാമിലി റൗണ്ട് ‘ ഫെബ്രുവരി 2, 3 തീയതികളിലായി നടക്കും. അടുത്ത മാസം 7 നാണ് സമാപനം.