ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഉടന്‍ തിരിച്ചെത്തിക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശരിവെച്ച് സുപ്രീംകോടതി. തത്കാലത്തേക്ക് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനാവില്ലെന്നും നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. തത്കാലത്തേക്ക് പ്രവാസികളെ തിരിച്ചെത്തിക്കേണ്ടതില്ലെന്ന് കോടതിയും വ്യക്തമാക്കി.
നാലാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. നാലാഴ്ച്ചകകം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ വിവിധ പ്രവാസി സംഘടനകളും രംഗത്ത് വന്നിരുന്നു.
ബ്രിട്ടന്‍, അമേരിക്ക, ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും തിരികെയെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് പ്രധാനമായും ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പ്രവാസി ലീഗല്‍ സെല്‍, എം.കെ രാഘവന്‍ എം.പി എന്നിവരും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.