മനാമ: ബഹ്റൈനിൽ പുതുതായി 167 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 156 പേരും പ്രവാസി തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം 3581 തൊഴിലാളികൾക്കിടയിൽ നടത്തിയ ലബോറട്ടറി പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം ഇന്ന് (ഏപ്രിൽ 14) ഉച്ചക്ക് 1 മണിക്കും (161 പേർക്ക്) രാത്രി 7 മണിക്കും (6പേർക്ക്) പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 873 ആയി. ഇന്ന് 57 പേർ (54+3) കൂടി രോഗവിമുക്തി നേടിയിട്ടുണ്ട്.
70813 പേരെയാണ് രാജ്യത്ത് ഇതുവരെ പരിശോധനകൾക്ക് വിധേയമാക്കിയത്. 873 പേർ ചികിത്സയിൽ തുടരുമ്പോൾ ആകെ 648 പേർ ഇതുവരെ രോഗവിമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. നിലവിൽ 3 പേരൊഴികെ മറ്റെല്ലാവരുടെയും ആരോഗ്യനില ഭേദപ്പെട്ട നിലയിലാണ്. ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്ത 60 കാരനായ സ്വദേശി പൗരനടക്കം രാജ്യത്ത് 7 പേരാണ് ഇതുവരെ കോവിഡ്-19 ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. സെല്‍ഫ് ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് ഡ്രൈവ് ത്രൂ സെന്ററിലൂടെ പരിശോധനയ്ക്ക് വിധേയമാകാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.