മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമീപനം അത്യന്തം നിരുത്തരവാദപരമാണെന്ന് ഐ എം സി സി ബഹ്‌റൈന്‍ കമ്മറ്റി അഭിപ്രായപ്പെട്ടു. അതോടൊപ്പം നിലവില്‍ വേണ്ടത് എടുത്തുചാട്ടവും രാഷ്ട്രീയ നേട്ടങ്ങള്‍ ലാക്കാക്കിയുള്ള നിലപാടുകളും പ്രവസികളിലും അവരുടെ കുടുംബങ്ങളിലും ആശങ്ക സൃഷ്ടിക്കുന്ന പ്രചാരണങ്ങളും അല്ല. സര്‍ക്കാരുകളും വിവിധ എംബസികളും രാഷ്ട്രീയ നേത്രത്വവും ഈ പ്രവാസി പ്രശ്നങ്ങളില്‍ കൂടുതല്‍ പ്രായോഗികവും പക്വവുമായ സമീപനങ്ങളും നടപടികളും വൈകാതെ എടുക്കുകയാണ് വേണ്ടത്.
വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസി പൌരന്മാരെ സ്വദേശങ്ങളിലേക്ക് അയക്കാന്‍ മുന്‍കയ്യെടുക്കുംബോളും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത് അത്യന്തം അപമാനകരം ആണെന്നും ഐ എം സി സി കുറ്റപ്പെടുത്തി. പ്രവാസികള്‍ എല്ലാവരും ഇപ്പോള്‍ രൂക്ഷമായ പ്രശ്നങ്ങള്‍ നേരിടുന്നവരോ ഉടനെ എല്ലാം ഒഴിവാക്കി നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരോ അല്ല. ലക്ഷകണക്കിന് വരുന്ന പ്രവാസികളെ മുഴുവന്‍ ഇപ്പോള്‍ നാട്ടിലെത്തിക്കുക എന്നത് പ്രായോഗികവും അല്ല. വിവിധ ഗള്‍ഫ് നാടുകളിലെ കോവിഡ് ബാധിത പ്രദേശങ്ങളിലുള്ള ലേബര്‍ ക്യാമ്പുകളില്‍ മുന്കരുതലെടുക്കാനും കാര്യക്ഷമമായ ക്വാറൻ്റീൻ സംവിധാനമൊരുക്കാനും എംബസികള്‍ മുഖേന കേന്ദ്ര സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുണ്ടാകുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനു വേണ്ട സംവിധനങ്ങളൊരുക്കുന്നതോടൊപ്പം പ്രവാസികള്‍ക്കായി ഇന്ത്യയില്‍ നിന്നും മെഡിക്കല്‍ സംഘങ്ങളെ അയക്കാനും ഈ സാഹചര്യത്തില്‍ അവസരമുണ്ടാക്കേണ്ടതാണ്.
അതോടൊപ്പം നിലവില്‍ ജോലിയോ വരുമാന മാര്‍ഗമോ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു ഇവിടെ തുടർന്നു താമസിക്കാന്‍ കഴിയാത്തവര്‍, മറ്റിതര അസുഖ ബാധിതര്‍, തുടര്‍ ചികിത്സക്കായി നേരത്തെ നാട്ടില്‍ പോകാനിരുന്നവര്‍, ജോലിയില്‍ നിന്നും വിരമിച്ചോ ജോലി നഷ്ടപ്പെട്ടോ പോകാനിരുന്നവര്‍, സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് തിരികെ പോകാന്‍ കഴിയാത്തവര്‍, ഗര്‍ഭിണികള്‍, ഇപ്പോള്‍ ജയിലുകളില്‍ നിന്നും ശിക്ഷയിളവ് കിട്ടി വിട്ടയച്ചവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ട് പ്രവാസികളെ തിരികെയെത്തിക്കാനുള്ള സാഹചര്യമൊരുക്കാന്‍ കേന്ദ്രസര്‍ക്കാരും എംബസികളും നടപടിയെടുക്കണം. ഇത്തരം തീരുമാനങ്ങളെടുപ്പിക്കാന്‍ ആവശ്യമായ സമ്മര്‍ദം തുടരാനും സാഹചര്യമൊരുങ്ങിയാല്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്നവര്‍ക്ക് മുന്ഗണന നല്‍കി തിരികെ നാട്ടിലെത്തിക്കാന്‍ യാത്ര സൗകര്യമടക്കമുള്ള കാര്യങ്ങള്‍ക്ക് സംസ്ഥാന്‍ സര്‍ക്കാരും മുന്കയ്യെടുക്കനമെന്നും പ്രസിഡണ്ട് ജലീല്‍ഹാജി വെളിയംകോട് ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കുട്ടി പുളിക്കല്‍, ട്രഷറര്‍ പി വി സിറാജ് എന്നിവര്‍ ആവശ്യപ്പെട്ടു.