മനാമ: ബഹ്റൈനില്‍ കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 15 പേര്‍ക്ക് കൂടി രോഗമുക്തി. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 741 ആയി ഉയര്‍ന്നു. ഇന്ന് 23 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് (ഏപ്രില്‍ 18) ഉച്ചക്ക് 1 മണിക്ക് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 988 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 3 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
രാജ്യത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. മൊബൈല്‍ യൂണിറ്റുകളും സജീവമായ പരിശോധനയ്ക്കായി രംഗത്തുണ്ട്. ഇതുവരെ 82561 പേരെയാണ് ആരോഗ്യമന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. ഇതുവരെ 7 പേര്‍ക്ക് വൈറസ് ബാധിച്ച് ജീവന് നഷ്ടമായിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.