മനാമ: ദീര്‍ഘകാലത്തെ ചികിത്സ ഫലം കണ്ടു, മുഹ്‌സിന്‍ ജീവിതത്തിലേക്ക് തിരികെ വരുന്നു. ഒരുപറ്റം പ്രവാസികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെ സുമനസ്സാണ് ഈ വലിയ വിജയത്തിന് പിന്നില്‍. ഏതൊരു പ്രവാസിയെപ്പോലെയും വളരെയധികം സ്വപ്നങ്ങളും മനസിലേറ്റിയാണ് മുഹ്‌സിന്‍ എന്ന ഇരുപതുകാരന്‍ ബഹ്‌റൈനിലെത്തുന്നത്. മുഹറഖിലെ ഒരു കഫറ്റീരിയയില്‍ ജോലി ചെയ്തുവരികയായിരുന്ന മുഹ്‌സിനെ വിധി തളര്‍ത്തിയത്.
സ്‌പൈനല്‍ സ്‌ട്രോക്ക് സംഭവിച്ച് കഴുത്തിന് താഴെ ചലന ശേഷി നഷ്ടമായി. കിംങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലായിരുന്നു ചികിത്സ. പിന്നീടാണ് പ്രവാസ ലോകത്തെ സുമനസുകളുടെ ശ്രമഫലമായി വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അവിടെ ന്യൂറോ വിഭാഗം മേധാവിയായ ഡോ. തോമസ് ഐപ്പിന്റെ നേതൃത്വത്തിലുള്ള എട്ടംഗ മെഡിക്കല്‍ സംഘമാണ് ചികിത്സിച്ചത്. സ്‌പൈനല്‍ കോഡിലെ ബ്ലോക്ക് മാറ്റിയാല്‍ മാത്രമെ മുഹ്‌സിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ചലന ശേഷി വീണ്ടെടുക്കാന്‍ രക്തത്തിലെ പ്ലാസ്മ പൂര്‍ണ്ണമായി മാറ്റിവെക്കുകയായിരുന്നു പരിഹാരം. ശരീരത്തിലെ രക്തം മുഴുവന്‍ മാറ്റിവെച്ചു. 28 പേരാണ് മുഹ്‌സിന് രക്തം നല്‍കിയത്. പിന്നീട് കഴുത്തു കൈകളും അനക്കാന്‍ മുഹ്‌സിന്‍ സാധിച്ചു. പിന്നീട് തൃശൂരിലെ ദയ ആശുപത്രിയിലേക്ക് മുഹ്‌സിനെ മാറ്റി. അവിടെ വെച്ച് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ഫിസിയോ തെറാപ്പി. ഇന്ന് മുഹ്‌സിന്‍ അദ്ഭുതമായി മാറിയിരിക്കുകയാണ്. വിധി തളര്‍ത്തിയ മുഹ്‌സിന്‍ ഇന്ന് സ്വന്തമായി എഴുന്നേറ്റ് നടക്കാനും. പ്രാഥമിക കൃത്യങ്ങള്‍ സ്വന്തമായി നിര്‍വഹിക്കാനും കഴിയും.
മുഹ്‌സിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതില്‍ പ്രവാസി സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വലിയ പങ്കുണ്ട്. ചികിത്സയ്ക്കായി വലിയൊരു തുക ആവശ്യമായിരുന്നു. മുഹ്‌സിന്റെ പേരില്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചാണ് ഇത് കണ്ടെത്തിയത്. ഇതിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ നിരവധിയാണ്. മുഹ്‌സിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ കൈകോര്‍ത്ത എല്ലാവര്‍ക്കും വലിയ അഭിനന്ദനമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇത് വിധിയെ തോല്‍പ്പിച്ച കൂട്ടായ്മയുടെ വിജയമാണ്.