മനാമ: റമദാന് മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ഏരിയതല ഓണ്‍ലൈന്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചു. മനാമ, റിഫ, മുഹറഖ് എന്നീ ഏരിയകള്‍ വെവ്വേറെ സംഘടിപ്പിച്ച സംഗമങ്ങളില്‍ ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ റമദാനില്‍ നേടിയെടുക്കേണ്ട ആത്മീയ ചൈതന്യത്തെ സംബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. ജനസേവന പ്രവര്‍ത്തനങ്ങളില്‍ ചടുലമായി മുന്നോട്ടു പോകുന്നതിനും റമദാന്‍ മാസത്തിലെ ആത്മീയത ചോര്‍ന്ന് പോകാതെ പരമാവധി ദൈവത്തിലേക്ക് അടുക്കുന്നതിനും വരും ദിനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മനാമ ഏരിയ പ്രസിഡന്റ് ഫാറൂഖ്, റിഫ ഏരിയ പ്രസിഡന്റ് സമീര്‍ ഹസന്‍, മുഹറഖ് ഏരിയ പ്രസിഡന്റ് എ.എം ഷാനവാസ് എന്നിവര്‍ മൂന്ന് ഏരിയകളിലും യഥാക്രമം അധ്യക്ഷത വഹിച്ചു. കോവിഡ് 19 റിലീഫ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് കോര്‍ഡിനേറ്റര്‍ എം. ബദ്‌റുദ്ദീന്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി എം. എം സുബൈര്‍, വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.പി ജാസിര്‍, എ. അഹ്മദ് റഫീഖ്, ഇര്‍ഷാദ് കുഞ്ഞിക്കനി, കെ.കെ മുനീര്‍ എന്നിവര്‍ സംസാരിച്ചു. ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിലുള്ള പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് കൂടുതല്‍ സുസജ്ജമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനും ഏരിയ തല സംഗമങ്ങളില്‍ തീരുമാനമെടുത്തു.
‘റമദാന് സ്വാഗതം’ ഓണ്‍ലൈന്‍ പ്രഭാഷണം ഇന്ന് നടക്കും
‘റമദാന് സ്വാഗതം’ എന്ന പ്രമേയത്തില്‍ ഫ്രന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്രഭാഷണം ഇന്ന് നടക്കും. പരിപാടി ഇന്ന് രാത്രി എട്ടിന് അസോസിയേഷെന്റെ എഫ്. ബി പേജ് വഴി സംപ്രേക്ഷണം ചെയ്യും. പ്രസിഡന്റ് ജമാല്‍ നദ്വി ആമുഖ ഭാഷണം നടത്തുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ പി. മുജീബ് റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.എം മുഹമ്മദ് അലി അറിയിച്ചു.