മനാമ: ബഹ്‌റൈനില്‍ 119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 117 പേർ പ്രവാസി തൊഴിലാളികളും രണ്ട് പേർ സമ്പർക്കത്തിലൂടെ രോഗം പകർന്ന സ്വദേശികളുമാണ്. പ്രവാസി തൊഴിലാളികളും താമസ സ്ഥലങ്ങളിൽ തുടർച്ചയായി നടന്ന പരിശോധനയിലാണ് ഇത്രയും പേരിൽ രോഗബാധ കണ്ടെത്താനായത്. ഏപ്രിൽ 23ന് രാത്രി 11:30 ഓടെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉച്ചയോടെ സ്ഥിരീകരിച്ച 71 പേരടക്കം ആകെ 190 പേർക്കാണ് ഏപ്രിൽ 23ന് രോഗം സ്ഥിരീകരിച്ചത്. 56 പേരാണ് ഇതേ ദിനം രോഗമുക്തി നേടിയവർ. തൊട്ടു തലേന്ന് (ഏപ്രിൽ 22) 242 പേരായിരുന്നു രോഗമുക്തി നേടി ആശുപത്രി വിട്ടത്.
ഇതോടെ ആകെ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 1127 ആയി ഉയർന്നിട്ടുണ്ട്. രോഗമുക്തി നേടിയവർ 1082 പേരാണ്. നിലവിൽ ഒരാൾ മാത്രമാണ് പ്രത്യേക പരിചരണ വിഭാഗത്തിൽ ചികിത്സ നേരിടുന്നത്. ഉച്ചയോടെ റിപ്പോർട്ട് ചെയ്ത 36 കാരനായ പ്രവാസി തൊഴിലാളിയടക്കം 8 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധമൂലം മരണപ്പെട്ടത്.
രാജ്യത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. മൊബൈല്‍ യൂണിറ്റുകളും സജീവമായ പരിശോധനയ്ക്കായി രംഗത്തുണ്ട്. ഇതുവരെ 101667 പേരെയാണ് ആരോഗ്യമന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.