മനാമ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ദുരിതത്തിലായ പ്രവാസികള്‍ക്ക് കൈത്താങ്ങായി ബഹ്‌റൈന്‍ ഭരണകൂടം. ഈ വര്‍ഷാവസാനം വരെ താമസ വിസ പുതുക്കുന്നതിനുള്ള ഫീസ് ഈടാക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമാനുസൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് സൗജന്യമായി താമസ വിസ പുതുക്കി നല്‍കും.
സാധാരണനിലയില്‍ താമസ വിസ പുതുക്കുന്നതിന് തൊഴില്‍ വിസയില്‍ രാജ്യത്ത് കഴിയുന്ന വിദേശികളില്‍ നിന്നും 172 ദിനാറും ആശ്രിത വിസയിലുളളവര്‍ക്ക് 90 ദിനാറുമാണ് ഈടാക്കുന്നത്. നിലവിൽ ഒരു വർഷത്തേക്ക് പുതുക്കാനുള്ള ഫീ പൂർണമായും ഒഴിവാക്കിയതിനാൽ 172 ദിനാറിന് പകരം ഇൻഷൂറൻസ് നിരക്കായ 72 ദിനാർ മാത്രം അടച്ചാൽ മതിയാകും.
കോവിഡ്-19 പശ്ചാത്തലത്തില്‍ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന പ്രവാസികള്‍ക്ക് പുതിയ നീക്കം ഗുണം ചെയ്യും. നേരത്തെ സന്ദര്‍ശക വിസയിലെത്തി ബഹ്‌റൈനില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യമായി വിസ പുതുക്കി നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രവാസികളെ സഹായിക്കുന്നതിനുള്ള നിര്‍ണായക തീരുമാനം എടുത്തിരിക്കുന്നത്. പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.