അബുദാബി: അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് അയച്ച മൂന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍ വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ച സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് നിലവില്‍ വരും മുന്‍പാണ് സംഭവം നടക്കുന്നത്. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മൃതദേഹം എത്തിയതെന്ന് ചൂണ്ടിക്കാണിച്ച് മൂന്ന് മൃതദേഹങ്ങളും ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കാതെ തിരികെ അയക്കുകയായിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ അയച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാരണം പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ കേന്ദ്രം വിവാദ ഉത്തരവ് പിന്‍വലിച്ചു. കോവിഡ്-19 ബാധിച്ച് അല്ലാതെ മരണപ്പെടുന്ന പ്രവാസികളുടെ മതദേഹം നാട്ടിലെത്തിക്കാന്‍ ഇനി തടസമുണ്ടാവില്ല.
അതേസമയം ഡല്‍ഹി സംഭവം ഈ ഉത്തരവ് നിലവില്‍ വരുന്നതിന് മുന്‍പാണെന്നാണ് സൂചന. ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് ചരക്കുകള്‍ എത്തിക്കുന്ന കാര്‍ഗോ വിമാനങ്ങളുടെ മടക്കയാത്രയിലാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ഇത് തുടരും.