മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ രക്ഷാകര്‍തൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) നേതൃത്വത്തില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഫുഡ് കിറ്റില്‍ അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ അരി (5 കിലോഗ്രാം), പരിപ്പ് (1 കിലോഗ്രാം), ചെറുപയര്‍ പരിപ്പ് (1 കിലോഗ്രാം), മുളകുപൊടി (500 ഗ്രാം), മല്ലിപൊടി (500 ഗ്രാം), ഗോതമ്പ് ആട്ട (5 കിലോഗ്രാം), ഉപ്പ് (1 ബോട്ടില്‍), തേയിലപ്പൊടി (250 ഗ്രാം), പാചക എണ്ണ (750 മില്ലി), കറുത്ത കടല (1 കിലോഗ്രാം), പഞ്ചസാര (1 കിലോഗ്രാം), മുട്ട (12 യൂണിറ്റുകള്‍), ലോംഗ് ലൈഫ് പാല്‍ (2 ലഫ്റ്റര്‍) തുടങ്ങിയവയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ 2000 ഓളം അംഗങ്ങള്‍ക്ക് ഏകദേശം 2 ആഴ്ചയോളം ഉപയോഗിക്കാന്‍ മതിയായ 450 ലധികം കിറ്റുകള്‍ ഞങ്ങള്‍ ഇതുവരെ വിതരണം ചെയ്തു. പകര്‍ച്ചവ്യാധി കാരണം ദുരിതമനുഭവിക്കുന്ന തൊഴിലാളി കുടുംബങ്ങളെയും വിശപ്പ് അകറ്റാന്‍ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമിടുന്നതെന്ന് ഐസിആര്‍എഫ് നേതൃത്വം അറിയിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി, അഡ്വ. വി കെ തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ രൂപീകരിച്ചിരുന്നു. കണ്‍വീനറായി വി കെ തോമസും അംഗങ്ങളായി പങ്കജ് മാലിക്, സുല്‍ഫിക്കര്‍ അലി, നാസര്‍ മഞ്‌ജേരി, ജെ എസ് ഗില്‍, സത്യേന്ദ്ര കുമാര്‍, ക്ലിഫോര്‍ഡ് കൊറിയ, ശിവകുമാര്‍ ഡിവി, മുരളീകൃഷ്ണ എന്നിവരെ നിയോഗിച്ചു.
ഐ സി ആര്‍ എഫ് ന്റെ ഈ സംരംഭത്തിന് പിന്തുണ നല്‍കുന്നതിന് മുന്നോട്ടുവന്ന അല്‍ തൗഫീക്ക് ഗ്രൂപ്പ്, മെഗമാര്‍ട്ട്, കവലാനി, ദമാനി, സുബി ആന്‍ഡ് പാര്‍ട്‌നെര്‍സ് തുടങ്ങിയ ബിസിനസ്സ് സ്ഥാപനങ്ങളുള്‍പ്പെടെയുള്ള അഭ്യുദയകാംക്ഷികള്‍ക്കും വ്യക്തിത്വങ്ങള്‍ക്കും ഇതോടൊപ്പം നന്ദിയറിയിക്കുന്നതായി ഐസിആര്‍എഫ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 39224482, 39653007.