ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാന്‍ ഇന്ത്യ യുദ്ധക്കപ്പലുകള്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഏറ്റവും വലിയ യുദ്ധകപ്പലുകളിലൊന്നായ ഐ.എന്‍.എസ് ജലാശ്വ, രണ്ട് ലാന്‍ഡിംഗ് ഷിപ്പ് ടാങ്കുകള്‍ എന്നിവ ഗള്‍ഫിലേക്ക് അയക്കാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
1000 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന കപ്പലില്‍ നിരവധി പേരെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക അകലം പാലിച്ചായിരിക്കും എല്ലാവരെയും നാട്ടിലെത്തിക്കുക. പ്രവാസ ലോകത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കണമെന്ന് നിരന്തരം ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളില്‍ ബഹുഭൂരിഭാഗം പേരും ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണ്.
അതേസമയം പ്രവാസികളെ തിരികെയെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. പ്രവാസികള്‍ നാട്ടിലെത്തിയാല്‍ സ്വീകരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.