മനാമ: സുന്നി എന്ഡോവ്മെന്റ്സ് കൗണ്‍സില്‍ കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം ദീനാര്‍ സംഭാവന നല്‍കി. കൊറോണ വിരുദ്ധ പോരാട്ടങ്ങളിലേക്കായി പണം സ്വരുപിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ‘ഫീന ഖൈര്‍’ കാമ്പയ്‌നിലേക്കാണ് സംഭാവന നല്‍കിയിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് സുന്നി എന്ഡോവ്മെന്റ്സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഹജാരി വ്യക്തമാക്കി.
കോവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഫീന ഖൈര്‍ ഫണ്ട് ആരംഭിച്ചിട്ടുള്ളത്. നാഷണല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ 38 ലക്ഷം ദിനാറും ബാങ്ക് ഓഫ് ബഹ്‌റൈന്‍ ആന്‍ഡ് കുവൈത്ത് 30 ലക്ഷം ദിനാറും നേരത്തെ കാമ്പയ്‌നിലേക്ക് നല്‍കിയിരുന്നു. കൂടാതെ ബറ്റെല്‍കോ 35 ലക്ഷം ദിനാര്‍, അലുമിനിയം ബഹ്‌റൈന്‍ (അല്‍ബ) 35 ലക്ഷം ദിനാര്‍, ഗള്‍ഫ് ഇന്റര്‍നാഷണല്‍ ബാങ്ക് 20 ലക്ഷം ദിനാര്‍, ബഹ്‌റൈന്‍ പൗരന്‍മാര്‍ 11 ലക്ഷം ദിനാര്‍, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ലക്ഷം ദിനാര്‍ എന്നിങ്ങനെ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
ഹമദ് രാജാവിന്റെ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധിയും ദേശീയ പ്രതിരോധ സമിതി ഉപദേഷ്ടാവുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് 10 ലക്ഷം ദിനാര്‍ സംഭാവന നല്‍കി കാമ്പയിന് തുടക്കം കുറിച്ചത്. പിന്നീട് സമൂഹത്തിന്റെ നാനതുറകളില്‍ നിന്നുള്ളവര്‍ കാമ്പയ്‌ന് പിന്തുണയുമായി രംഗത്ത് വരികയായിരുന്നു.