മനാമ: പാസ്‌പോര്‍ട്ട് ഈടായി വാങ്ങി പലിശക്ക് പണം നല്‍കുന്ന സംഘത്തിൽ നിന്നും ദുരിതത്തിലായവർക്ക് തുണയായി പലിശവിരുദ്ധസമിതി. പാസ്‌പോര്‍ട്ടുകള്‍ ഈടായി നല്‍കി പലിശ ഇടപാട് നടത്തി ദുരിതത്തിലായ നാലോളം പ്രവാസികളുടെ പാസ്‌പോര്‍ട്ടുകള്‍ പലിശക്കാരനില്‍ നിന്നും സമിതി ഇടപെട്ട് തിരികെ വാങ്ങി നല്‍കി. വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ മലയാളിയായ പലിശക്കാരനില്‍ നിന്നും പണം വാങ്ങിയത്.
കോവിഡ്-19 കാരണം വരുമാനം നിലച്ച ഇവര്‍ക്ക് പലിശ തിരിച്ചടക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് സമിതിയെ സമീപിക്കുന്നത്. പലിശ വിരുദ്ധ സമിതി ചെയര്‍മാന്‍ ജമാല്‍ ഇരിങ്ങല്‍, ഉപദേശക സമിതി അംഗവും കേരള പ്രവാസി കമ്മീഷന്‍ അംഗവുമായ കണ്ണൂര്‍ സുബൈര്‍, സെക്രട്ടറി ദിജീഷ്, കണ്‍വീനര്‍ യോഗാനന്ദ്, നാസര്‍ മഞ്ചേരി എന്നിവര്‍ ചേര്‍ന്ന് പാസ്‌പോര്‍ട്ടുകള്‍ ഇരകള്‍ക്ക്‌കൈമാറി. പലിശക്കാരനില്‍ നിന്നും പാസ്‌പോര്‍ട്ടുകള്‍ തിരികെ ലഭിക്കാന്‍ സഹായിച്ച കണ്ണൂര്‍ സുബൈറിനും സിയാദ് ഏഴംകുളത്തിനും സമിതി നന്ദി രേഖപ്പെടുത്തി.
യാതൊരു സാഹചര്യത്തിലും പാസ്‌പോര്‍ട്ടോ ഒപ്പിട്ട ബ്ലാങ്ക് മുദ്രപത്രമോ ഒരു ഇടപാടുകള്‍ക്കും ഈടായി നല്‍കരുതെന്ന് സമിതി ഭാരവാഹികള്‍ ഓര്‍മ്മപ്പെടുത്തി. സമിതിക്ക് ലഭിച്ച മറ്റ് ചില പരാതികളിന്മേലുള്ള ഇടപെടലുകള്‍ ഉടനുണ്ടാവുമെന്നും സമിതി ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പലിശ വിരുദ്ധ സമിതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 33882835, 35050689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.